വനിതാ പോലീസുകാരിയെ കുത്തിപരിക്കേല്‍പ്പിച്ച തീവ്രവാദിയെ ജര്‍മന്‍ പോലീസ് വെടിവച്ചു കൊന്നു
Friday, September 18, 2015 8:02 AM IST
ബര്‍ലിന്‍: പടിഞ്ഞാറന്‍ ബര്‍ലിനില്‍ മുസ്ലിം തീവ്രവാദിയെ ജര്‍മന്‍ പോലീസ് വെടിവച്ചു കൊന്നു. ഇയാള്‍ വനിതാ പോലീസുകാരിയെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു വെടിവെച്ചു കൊലപ്പെടുത്തിയത്. ഇറാക്കി പൌരനായ റഫീക് മുഹമ്മദ് യൂസഫാണു കൊല്ലപ്പെട്ടത്.

ഇയാള്‍ തെരുവില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നു പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അല്‍ക്വയ്ദയുമായി ബന്ധമുള്ള അന്‍സര്‍ അല്‍ ഇസ്ലാം എന്ന ഭീകര സംഘടനയില്‍ അംഗമാണിയാളെന്നു പിന്നീട് വ്യക്തമായി. ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഇയാളെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്കായി വ്യാപകമായ തെരച്ചിലിലാണ് പോലീസ്.

നാല്‍പ്പത്തിയൊന്നുകാരനായ ഇയാള്‍ 2008ല്‍ ജര്‍മനിയില്‍ ഒരാളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ സ്റുട്ട്ഗാര്‍ട്ട് കോടതി ഇയാള്‍ക്ക് എട്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. കൂടാതെ മുന്‍ ഇറാഖ് പ്രധാനമന്ത്രി ലിയാദ് അലവി 2008ല്‍ ജര്‍മനിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ വധിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജയില്‍ മോചിതനായത്. എങ്കിലും ഇയാള്‍ പോലീസ് നിരീക്ഷണത്തിലുള്ള ഇലക്ട്രോണിക് സെന്‍സര്‍ ഉപകരണത്തില്‍ (കാലില്‍ ഘടിപ്പിക്കുന്ന ഫൂസ്ഫെസല്‍) നിന്നു സ്വയം വിടുതല്‍ നടത്തിയാണു കുറ്റകൃത്യം നടത്തിയതെന്നു പോലീസ് പറഞ്ഞു.

അതേസമയം, ഭീകരന്റെ ആക്രമണത്തില്‍ പരുക്കേറ്റ 44 കാരിയായ ഉദ്യോഗസ്ഥ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍