ഫിഫ സെക്രട്ടറി ജെറോം വാല്‍ക്കെയെ സസ്പെന്‍ഡ് ചെയ്തു
Friday, September 18, 2015 8:01 AM IST
സൂറിച്ച്: ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കെയെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നിരവധി അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ ചുമതലകളില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണം.

ലോകകപ്പിനുള്ള ടിക്കറ്റുകള്‍ വില കൂട്ടി വിറ്റു എന്നതാണ് അദ്ദേഹത്തിനെതിരായ ഏറ്റവും ഗുരുതരമായ ആരോപണം. 2007 മുതല്‍ ഫിഫയില്‍ അധികാരത്തിലുണ്ട് വാല്‍ക്കെ. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഫിഫ എത്തിക്സ് കമ്മിറ്റി അദ്ദേഹത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ വലംകൈയായാണു വാല്‍ക്കെ അറിയപ്പെടുന്നത്. വാല്‍ക്കെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനും ആലോചിച്ചിരുന്നു.

പത്തു മില്യന്‍ ഡോളര്‍ കൈക്കൂലി വാങ്ങിയ കേസിലും വാല്‍ക്കെ നേരത്തേതന്നെ ആരോപണവിധേയനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍