എംബസിയിലെ വിഗ്രഹപ്രതിഷ്ഠ ഒഴിവാക്കണം: കല കുവൈറ്റ്
Friday, September 18, 2015 6:30 AM IST
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശവിഗ്രഹം സ്ഥാപിച്ച നടപടി അപലപനീയമാണെന്നു കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) പ്രസ്താവനയില്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ പ്രതിഷ്ഠകള്‍ സ്ഥാപിച്ചോ ആചാരാനുഷ്ഠാനങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉപയോഗപ്പെടുത്തുന്നത് ബഹുസ്വര രാജ്യമായ നമ്മുടെ നാടിന്റെ മതേതര കാഴ്ചപാടുകള്‍ക്ക് വിരുദ്ധമാണ്.

കേവലം കൌതുകകരമായ ഒരു വസ്തു എന്ന നിലയിലല്ല ഈ പ്രതിഷ്ഠ എംബസിയില്‍ സ്ഥാപിച്ചത് എന്നുള്ളത് വ്യക്തമാണ്. ഗണേശ പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതായി അറിയിച്ച് ഇന്ത്യന്‍ എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബര്‍ 11ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് നല്‍കുകയും ചെയ്തു. 17ന് ചടങ്ങ് നടക്കുമെന്ന് അറിയിക്കുകയും പരിപാടിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.

ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി ഗണേശ വിഗ്രഹം അനാച്ഛാദനം ചെയ്യുന്നതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ പല കോണുകളില്‍നിന്നുമുള്ള എതിര്‍പ്പ് കണക്കിലെടുത്ത് പരിപാടി മാറ്റിവച്ചതായും അറിയുന്നു. പിന്നീട് സ്വകാര്യമായി പ്രതിഷ്ഠ നടത്തുകയാണുണ്ടായത്. ഇത് തെളിയിക്കുന്നത് ചില പ്രത്യേക താത്പര്യം ഇതിനു പിന്നില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. പ്രതിഷ്ഠ കഴിഞ്ഞ ഉടനെതന്നെ ഒരു വിഭാഗം ആരാധന നടപടികള്‍ ആരംഭിച്ചുവെന്നത് ജനാധിപത്യവിശ്വാസികളെ ആശങ്കാകുലരാക്കുന്നു. എല്ലാ ജന വിഭാഗങ്ങളുടെയും താല്പര്യ സംരക്ഷണത്തിനു നിലകൊള്ളേണ്ട ഭരണ സംവിധാനങ്ങള്‍ സംഘപരിവാര്‍ താത്പര്യങ്ങളുടെയും അത്തരം ചിഹ്നങ്ങളുടെയും കേന്ദ്രമായി മാറുന്നത് ആശങ്കയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. ഇത്തരം നിലപാടുകളില്‍നിന്ന് എംബസി അധികൃതര്‍ പിന്മാറണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെറ്റായ ഇത്തരം സമീപനങ്ങള്‍ തിരുത്തുന്നതിനാവശ്യമായ സത്വര നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു കല കേന്ദ്ര കമ്മിറ്റി എംബസിയോടും കേന്ദ്ര വിദേശകാര്യ വകുപ്പിനോടും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍