വിസിറ്റിംഗ്, ടൂറിസ്റ് വീസകളുടെ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നു
Thursday, September 17, 2015 8:19 AM IST
കുവൈത്ത്: പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി വിസിറ്റിംഗ്, ടൂറിസ്റ് വിസകള്‍ക്ക് ഫീസ് കുത്തനെ കൂട്ടുവാന്‍ താമസ കുടിയേറ്റ വിഭാഗം ശിപാര്‍ശ ചെയ്തു. ആഭ്യന്തര വകുപ്പിന്റെ അംഗീകാരത്തോട് കൂടിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതെന്ന് താമസ കുടിയേറ്റ വിഭാഗം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേയ്ഖ് മാസന്‍ അല്‍ജറ അസ്സ്വബാഹ് പറഞ്ഞു.

ഫീസ് വര്‍ധന ശിപാര്‍ശ പരിശോധിക്കാനും നടപ്പാക്കാനും നിയമ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. നിലവില്‍ സര്‍വീസ് ഫീസായി ഒന്നും വാങ്ങാതെ സൌജന്യമായാണ് വീസ നല്‍കുന്നത്. വിസ ലഭിച്ചതിനുശേഷം മൂന്നു ദിനാറിന്റെ സ്റാമ്പ് സന്ദര്‍ശക, വിനോദസഞ്ചാര വീസയില്‍ പതിക്കുന്നത് മാത്രമായിരുന്നു ചെലവ്. പുതിയ ശിപാര്‍ശ പ്രകാരം ഒരു മാസത്തെ സന്ദര്‍ശക വീസക്ക് 30 ദീനാറും മൂന്നു മാസത്തെ സന്ദര്‍ശക വീസക്ക് 90 ദീനാറും ഒരു മാസം കാലാവധിയുള്ള ടൂറിസ്റ് വീസക്ക് 30 ദിനാറും ഈടാക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബ വീസകളിലും കാലോചിതമായ നിരക്ക് വര്‍ധനക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ആദ്യമായി വീസ ഇഷ്യു ചെയ്യുന്ന സമയത്ത് നല്‍കേണ്ട നൂറു ദിനാര്‍ 150 ദിനാറായി ഉയര്‍ത്തും. സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള വീസകളുടെ ഫീസ് 200ല്‍നിന്ന് 400 ദിനാറായി ഉയര്‍ത്തും. എണ്ണയുടെ വിലയിടവും സബ്സിഡി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും കാരണം രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായി കൊണ്ടിരിക്കുന്ന പ്രത്യേക സാഹചാര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം വന്നിരിക്കുന്നത്. കുടുംബ വീസയിലും മറ്റും വരുന്നവര്‍ രാജ്യത്തെ സൌജന്യ ചികിത്സ അടക്കമുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതുകാരണം ലക്ഷക്കണക്കിന് ദിനാറിന്റെ അധിക ബാധ്യതയാണ് സാര്‍ക്കാരിന് ഉണ്ടാകുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍