റിയാദ് ടിഎന്‍ടിജെ രക്തദാന ക്യാമ്പ് നടത്തി
Thursday, September 17, 2015 5:20 AM IST
റിയാദ്: തമിഴ്നാട് തൌഹീദ് ജമാഅത്ത് (ടിഎന്‍ടിജെ) റിയാദ് ചാപ്റ്റര്‍ ഇത്തവണ ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഉപകരിക്കുന്നതിനായി സമൂഹ രക്തദാന ക്യാമ്പ് നടത്തി. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ 11നു നടന്ന ക്യാമ്പില്‍ 410 പേര്‍ 326 യൂണിറ്റ് രക്തം നല്‍കി മാതൃകയായി.

കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ജയിംസിന്റെ നേതൃത്വത്തിലുള്ള ലാബ് ടീം എല്ലാ പിന്തുണയും നല്‍കിയതായും ടിഎന്‍ടിജെയുടെ രക്തം നല്‍കിക്കൊണ്ടുള്ള മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ലാബോറട്ടറി ഡയറക്ടര്‍ സൌദ് അല്‍ അനസി അഭിനന്ദിച്ചതായും ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ഹാജ മൊഹിയുദ്ദീന്‍ പറഞ്ഞു.

ടിഎന്‍ടിജെ റിയാദ് ചാപ്റ്റര്‍ ഇത്തരത്തിലുള്ള 36 ക്യാമ്പുകളാണ് ഇതുവരെ നടത്തിയത്. സൌദി ആരോഗ്യ മന്ത്രാലയത്തില്‍നിന്നും തമിഴ്നാട് സര്‍ക്കാരില്‍നിന്നും പതിനഞ്ചിലേറെ പുരസ്കാരങ്ങള്‍ സംഘടനയ്ക്കു ലഭിച്ചിട്ടുണ്ട്.

ഉമ്ര, ഹജ്ജ് തീര്‍ഥാടനങ്ങള്‍ക്ക് എത്തുന്നവര്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ക്കായി എല്ലാ വര്‍ഷവും ടിഎന്‍ടിജെ രക്തദാന ക്യാമ്പ് പ്രത്യേകമായി നടത്താറുണ്െടന്ന് സംഘടയുടെ പ്രസിഡന്റ് ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍