വിദേശ ഇന്ത്യക്കാര്‍ക്കു നിയമസഹായം: കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Wednesday, September 16, 2015 8:11 AM IST
ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു നിയമസഹായം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു നോട്ടീസ്. സൌദിയില്‍ ജോലി ചെയ്യവേ മരിച്ച തൃശൂര്‍ സ്വദേശി ജോര്‍ജ് കരേടന്റെ ഭാര്യ സ്റി ലി ജോര്‍ജാണു ഹര്‍ജിക്കാരി.

വിദേശ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കു പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വിദേശത്ത് മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. അതുപോലെ വിദേശരാജ്യങ്ങളിലെ ജയിലിലുള്ള ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കാനുള്ള നിര്‍ദേശവും കേന്ദ്രഗവണ്‍മെന്റിനു നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

1997 മുതല്‍ സൌദി ഗവണ്‍മെന്റില്‍ ഗ്രാമ-നഗര മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന ജോര്‍ജ് കരേടന്‍ 2014 ഡിസംബര്‍ 31നാണു മരിച്ചത്. ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെതുടര്‍ന്നാണ്ു മരണം. ദീര്‍ഘകാലമായി സൌദി ഗവണ്‍മെന്റിനുവേണ്ടി ജോലി ചെയ്തിരുന്നുവെങ്കിലും ഉചിതമായ നഷ്ടപരിഹാരമോ ഇന്‍ഷ്വറന്‍സോ ആശ്രിതര്‍ക്കു ലഭിച്ചില്ല. സൌദിയില്‍ കേസ് നടത്തുവാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനെത്തുടര്‍ന്ന് വിദേശകാര്യമന്ത്രാലയത്തെ സഹായത്തിനായി സമീപിച്ചുവെങ്കിലും ഫലമുണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റീസ് രാജീവ് സഹായ് എന്‍ഡ്ലോ കേന്ദ്ര സര്‍ക്കാരിനോടു മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. ഒക്ടോബര്‍ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. വില്‍സ് മാത്യൂസ്, അഡ്വ. ജോസ് ഏബ്രഹാം എന്നിവര്‍ ഹാജരായി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്