ഹറം അപകടത്തില്‍ മരിച്ച മലയാളി തീര്‍ഥാടകയെ ഖബറടക്കി
Wednesday, September 16, 2015 6:02 AM IST
മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും ക്രെയിന്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച കേരളത്തില്‍നിന്നുള്ള പാലക്കാട് സ്വദേശി മുഅമിന ഇസ്മായിലി (33) ന്റെ മൃതദേഹം ജന്നത്തുല്‍ മുഅല്ലയില്‍ ഇന്നലെ ഖബറടക്കി.

മക്കയിലെ മുയസിമിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകുന്നേരം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇശാ നമസ്കാരത്തിനുശേഷം ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി. ഹറം പരിസരത്തെ മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

മരണാന്തര കര്‍മങ്ങള്‍ക്കും നിയമനടപടിക്കള്‍ക്കും മറ്റുമായി ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ നേതാക്കളായ സൈദലവി സഖാഫി, മുഹമ്മദ് ഹനീഫ് അമാനി കുമ്പനോര്‍ ഗ്രൂപ്പ് അമീര്‍ അഫ്ഫാന്‍, കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് ഓഫീസര്‍ ഉഫൈസുദ്ദീന്‍, അക്ബര്‍, മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഐടില്‍ എന്ന സ്വകാര്യ ഗ്രൂപ്പില്‍ കഴിഞ്ഞ ആഴ്ച എത്തിയതായിരുന്നു. ഭര്‍ത്താവ് ഇസ്മായില്‍ ഒപ്പം ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍