റിയാദിലെ മോഷ്ടാക്കള്‍ക്കെതിരേ മലയാളി കൂട്ടായ്മകള്‍ രംഗത്ത്
Wednesday, September 16, 2015 4:32 AM IST
റിയാദ്: പകലും രാത്രിയുമില്ലാതെ വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന ആഫ്രിക്കന്‍വംശജരുടെ അതിക്രമങ്ങള്‍ റിയാദില്‍ തുടര്‍ക്കഥയാകുമ്പോള്‍ അവര്‍ക്കെതിരേ ശക്തമായ ചെറുത്തു നില്‍പ്പുമായി മലയാളി കൂട്ടായ്മകള്‍ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ ശാല റെയിലിന്റെ പരിസരങ്ങളില്‍ താമസിക്കുന്ന മലയാളികളാണു സംഘം ചേര്‍ന്നു തങ്ങളുടെ ഗലികളില്‍ അക്രമത്തിനെത്തുന്നവരെ തുരത്താന്‍ കാവല്‍ നില്‍ക്കുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞു വന്നാല്‍ ഉടന്‍ അഞ്ചും ആറും പേരടങ്ങുന്ന സംഘമായി ഗലികളുടെ പല ഭാഗങ്ങളില്‍ അവര്‍ നിലയുറപ്പിക്കും. സ്കൂട്ടറിലും നടന്നും എത്തുന്ന തസ്കര സംഘങ്ങള്‍ ഇവരെ കാണുന്നതോടെ പലവഴിക്ക് പിരിഞ്ഞു പോവുകയാണ്. എന്നാല്‍, ഇവിടെനിന്നു പോകുന്ന സംഘങ്ങള്‍ പല ഭാഗങ്ങളിലായി മോഷണവും അക്രമവും നടത്തുന്നതായാണു വിവരം.

രണ്ടു മൂന്നാഴ്ചകളായി ശാര റെയിലിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്കു സ്വൈര്യമായി പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികളും സ്ത്രീകളും പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. നിരവധി പേര്‍ ഇവിടെ മോഷണത്തിനിരയായി. ഇഖാമയും പാസ്പോര്‍ട്ടും പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒന്നിനും ഒരു തുമ്പുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണു ഇവിടെ താമസിക്കുന്നവര്‍ തങ്ങളുടെ ഗലികളില്‍ കൂടുതല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും ഒഴിവുള്ളവര്‍ ചേര്‍ന്നു കൂട്ടമായി കാവല്‍ നില്‍ക്കാനുമാരംഭിച്ചത്. ഇതിന് ഈ ഭാഗങ്ങളില്‍ ഫലം കാണുന്നുണ്െടന്നാണ് അവര്‍ പറയുന്നത്.

വാഹനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുന്നതും വാഹനങ്ങളുടെ ഗ്ളാസുകള്‍ പൊട്ടിച്ച് അകത്തുള്ളതെല്ലാം മോഷ്ടിക്കുന്നതും നിത്യസംഭവമാണ്. രണ്ടാഴ്ച മുമ്പു ശാര റെയിലില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ഹാഷിഖ് വലപ്പാടിന്റെ കാമ്രി കാര്‍ കളവു പേയത് ഇതു വരെ കണ്െടത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ 1999 മോഡല്‍ എസ്.എന്‍.എ 6297 നമ്പറിലുള്ള പച്ച കളര്‍ കാര്‍ കണ്ടുകിട്ടുന്നവര്‍ 0501621184 എന്ന നമ്പരില്‍ വിളിച്ചറിയിക്കണം. കഴിഞ്ഞ തിങ്കളാഴ്ച ശാര ഗുറാബിയില്‍ ട്രാന്‍സ്ഫോര്‍മര്‍ വാങ്ങാനായി വന്ന ഒരു പാക്കിസ്ഥാനിയുടെ 2012 മോഡല്‍ ടൊയോട്ട കൊറോള കാറും കളവു പോയി. രാവിലെ 11 മണിക്ക് പള്ളിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.

റിയാദിലെ തസ്കര സംഘങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും വേണ്ട മുന്‍കരുതലുകളെക്കുറിച്ചും കൂട്ടായ ചെറുത്തു നില്‍പ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി മലയാളി സംഘടനകളും രംഗത്തിറങ്ങി. അടുത്ത വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരേ സംഘടിച്ച് പ്രതികരിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലെ മലയാളി സംഘടനകളും പ്രവാസി കൂട്ടായ്മകളും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍