വാക്കുകളുടെ നിര്‍മിതിയില്‍ മലയാളി വിദ്യാര്‍ഥിക്ക് ഓസ്ട്രേലിയയില്‍ അംഗീകാരത്തിളക്കം
Tuesday, September 15, 2015 2:23 PM IST
കൊച്ചി: ഓസ്ട്രേലിയയിലെ പ്രസിദ്ധമായ വേര്‍ഡ് മാനിയ വേര്‍ഡ് ബില്‍ഡിംഗ് മത്സരത്തില്‍ മികവു തെളിയിച്ച് മലയാളി വിദ്യാര്‍ഥി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി ജോ ജോണിയുടെ മകന്‍ ഡാനി ജോ ജോണിയാണ് ആ രാജ്യത്തെ ലക്ഷം പേര്‍ പങ്കെടുത്ത വേര്‍ഡ് ബില്‍ഡിംഗ് മത്സരത്തില്‍ ഫൈനലിലെത്തിയത്. മത്സരത്തില്‍ മുന്നിലെത്തിയ ആദ്യ നാലുപേരില്‍ ഡാനിയുമുണ്ട്. നാലാം ക്ളാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍.

ഇംഗ്ളീഷിലെ 15 വ്യത്യസ്ത അക്ഷരങ്ങള്‍ കൊണ്ട് ഒരു മിനിറ്റിനുള്ളില്‍ ദൈര്‍ഘ്യമുള്ളതും ബുദ്ധിമുട്ടേറിയതും സങ്കീര്‍ണവുമായ പരമാവധി വാക്കുകള്‍ ഉണ്ടാക്കുകയാണ് വേര്‍ഡ് ബില്‍ഡിംഗ് മത്സ രം. വേര്‍ഡ് മാനിയ എന്ന പേരില്‍ ഓസ്ട്രേലിയയില്‍ എല്ലാ വര്‍ഷവും ദേശീയത ലത്തില്‍ നടക്കുന്ന മത്സരത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഫൈനലില്‍ ഡാനി രൂപപ്പെടുത്തിയത് ദൈര്‍ഘ്യമുള്ളതും സങ്കീര്‍ണവുമായ എഴുപതോളം ഇംഗ്ളീഷ് വാക്കുകള്‍.

വടക്കന്‍ ഓസ്ട്രേലിയയില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഡാനി ദേശീയതല മത്സരത്തിലേക്ക് പ്രവേശനം നേടിയത്. നാലു റൌണ്ടുകളിലായാണ് മത്സരം നടന്നത്.

ആരക്കുഴ അടപ്പൂര്‍ കുടുംബാംഗം ജോ ജോണിയും റെയ്മോള്‍ കടവിലുമാണു ഡാനിയുടെ മാതാപിതാക്കള്‍. ഇവര്‍ വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്. ഈശോസഭാ വൈദികനും എഴുത്തുകാരനുമായ റവ. ഡോ. എ. അടപ്പൂരിന്റെ സഹോദരപുത്രനാണ് ഡാനി. അടുത്ത വര്‍ഷത്തെ വേര്‍ഡ് ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ ഡാനി ആരംഭിച്ചുകഴിഞ്ഞു.