ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയില്‍ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപമിറക്കും
Tuesday, September 15, 2015 8:18 AM IST
അബുദാബി: റീട്ടെയില്‍ രംഗത്തും കാര്‍ഷിക മേഖലയിലുമായി 500 ദശലക്ഷം ഡോളറിന്റെ പദ്ധതികളുമായ് ലുലു ഗ്രൂപ്പ്, ഇന്തോനേഷ്യയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടര്‍ എം.എ. യുസഫലി അറിയിച്ചു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ യുഎയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖാലിദിയ്യാ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായത്. ആദ്യ ഘട്ടത്തില്‍ 300 ദശലക്ഷം ഡോളര്‍ മുടക്കും. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്നും തുടര്‍ന്ന് 2017 അവസാനത്തോടെ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്നും യുസഫലി അറിയിച്ചു. കാര്‍ഷിക മേഖലയില്‍ കരാര്‍ കൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്.

ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് പ്രസിഡന്റും സംഘവും എത്തിയത്.

ലുലു മാളിലെത്തിയ ജോക്കോ വിദോദോക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നിരവധി ഇന്തോനേഷ്യക്കാര്‍ ആരവങ്ങളോടെയാണ് വിദോദയെ വരവേറ്റത്. മാളിലെ ഇന്തോനേഷ്യന്‍ ഉത്പന്നങ്ങള്‍ നോക്കിക്കണ്ട പ്രസിഡന്റ് ഇന്തോനേഷ്യന്‍ ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. ഉത്പന്നങ്ങളുടെ വിലയും ചോദിച്ചറിഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള