കോഴിക്കോട് വിമാനത്താവളം: സൌദി കെഎംസിസി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്
Monday, September 14, 2015 7:31 AM IST
റിയാദ്: മലബാറിലെ പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ മാതൃസംഘടനയായ മുസ്ലിം ലീഗ് പാര്‍ട്ടി ശക്തമായി രംഗത്തിറങ്ങണമെന്ന് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി.

കോഴിക്കോട് വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യാനുളള ഗൂഢനീക്കങ്ങള്‍ക്കെതിരേ സൌദി കെഎംസിസി മുസ്ലിം ലീഗ് പാര്‍ട്ടിയുടെ സഹായത്തോടെ ശക്തവും പ്രത്യക്ഷവുമായ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നു കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവര്‍ അറിയിച്ചു. ആദ്യഘട്ടമെന്നോണം മലബാറിലെ പ്രവാസികള്‍ നേരിടുന്ന യാത്രാദുരിതം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യോമയാന മന്ത്രി അശോക് ഗജപതിരാജു പശുപതിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒരു ലക്ഷം ഇ-മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കും.

മൂന്നു മാസം മുമ്പ് സൌദി കെഎംസിസി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട് എന്നിവര്‍ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിരാജു പശുപതിയെ കണ്ടിരുന്നു. റണ്‍വേയുടെ പുനര്‍നിര്‍മാണം സെപ്റ്റംബര്‍ ഒന്നിനു ആരംഭിക്കുമെന്നും 18 മാസംകൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും പണിയുടെ പുരോഗതി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കയിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്കു കടന്നിട്ടും പുനരുദ്ധാരണ പണികള്‍ തുടങ്ങിയിട്ടില്ല. മാത്രമല്ല കരാറുകാര്‍ക്കു നിര്‍മാണം തുടങ്ങുന്നതിനുള്ള അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും വിവരമുണ്ട്. യാത്രാ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനു ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അനുമതി നല്‍കാതെ പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ക്ക് പങ്കുണ്ട്. വ്യോമ ഗതാഗത രംഗത്തെ കിടമത്സരത്തിന്റെ ഇരയാണ് കോഴിക്കോട് വിമാനത്താവളം. ഇതുമൂലം ദുരിതം പേറേണ്ടി വരുന്നത് മലബാറില്‍ നിന്നുളള ലക്ഷകണക്കിന് ഗള്‍ഫ് പ്രവാസികളാണ്. പ്രത്യേകിച്ച്, സൌദിയിലുള്ളവര്‍. അതുകൊണ്ടുതന്നെ പരിഹാരം കാണുന്നതുവരെ പ്രക്ഷോഭം തുടരും. ഉറപ്പു ലംഘിക്കപ്പെടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസലോകത്തെ എല്ലാ സംഘടനകളെയും അണിനിരത്തി പ്രക്ഷോഭത്തിന് സൌദി കെഎംസിസി നേതൃത്വം നല്‍കും.

കെഎംസിസി നേതാക്കള്‍ കഴിഞ്ഞ ദിവസം മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്ററുടെ നേതൃത്വത്തില്‍ പാണക്കാട്ടെത്തി മുസ്ലിം ലീഗ് പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് പ്രവാസി സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവച്ചിരുന്നു. എയര്‍പോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി പ്രവാസികളോടൊപ്പം നില്‍ക്കുമെന്നും വിമാനത്താവളം പൂര്‍വസ്ഥിതിയിലെത്തുന്നതുവരെ പോരാട്ടം തുടരുമെന്നും തങ്ങള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍