മക്ക ആഗോള മുസ്ലിം സമ്മേളനം: ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും
Monday, September 14, 2015 7:30 AM IST
കോഴിക്കോട്: സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ മുസ്ലിം വേള്‍ഡ് ലീഗ് മക്കയില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് ആഗോള മുസ് ലിം സമ്മേളനത്തിലേക്ക് ഓള്‍ ഇന്ത്യ ഇസ് ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിനു ക്ഷണം ലഭിച്ചു.

മുസ് ലിം യുവാക്കളും നവമാധ്യമങ്ങളും എന്ന പ്രമേയത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 16നു (ബുധന്‍) മക്ക അമീര്‍ ഷെയ്ഖ് ഖാലിദ് അല്‍ ഫൈന്‍ ഉദ്ഘാടനം ചെയ്യും. മക്ക ഇമാം ഷെയ്ക് ഡോ. അബ്ദുറഹ് മാന്‍ സുദൈസ്, സൌദി മതകാര്യ മന്ത്രി സ്വാലിഹ് ആലുഷെയ്ഖ്, ഹജ്ജ് മന്ത്രി ഡോ. ബന്‍ദര്‍ അല്‍ ഹജ്ജാര്‍, ഗ്രാന്റ് മുഹ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ആലുഷെയ്ഖ്, റാബിത്വ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുള്ള തുര്‍ക്കി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും.