കമ്യൂണിസ്റ് പാര്‍ട്ടി കാരുണ്യ രംഗത്ത് മത്സരത്തിനുവരണം: പി. ഉബൈദുള്ള എംഎല്‍എ
Saturday, September 12, 2015 9:12 AM IST
ദുബായി: നാള്‍ക്ക് നാല്‍പതു വട്ടം പാവങ്ങളുടെ പാര്‍ട്ടി എന്നു പറയുന്ന കമ്യൂണിസ്റ് പാര്‍ട്ടി പാവങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ നില്‍ക്കുകയും അതെ സമയം മുസ്ലിം ലീഗ് പാവങ്ങള്‍ക്കുവേണ്ടി കാരുണ്യ ഭവനങ്ങളും സിഎച്ച് സെന്ററുകളും നിര്‍മിക്കുമ്പോള്‍ അതിന്റെ സാമ്പത്തിക ഉറവിടം അന്വഷിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നതിനുപകരം കാരുണ്യ പ്രവര്‍ത്തനത്തില്‍ ലീഗിനോട് മത്സരിക്കാന്‍ രംഗത്തിറങ്ങണമെന്ന് പി. ഉബൈദുള്ള എംഎല്‍എ. ദുബായി മലപ്പുറം മണ്ഡലം കെഎംസിസിയുടെ 'കെയര്‍ മലപ്പുറം' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന്റെ കാരുണ്യപ്രവര്‍ത്തനത്തിന്റെ മുഖമാണു കെഎംസിസി ഏതു വികസന കാര്യത്തിനെയും വര്‍ഗീയവത്കരിക്കുന്നതു നമ്മുടെ നാടിന് ആപത്താണെന്നും അതു നമ്മുടെ നാട്ടില്‍ വര്‍ഗീയശക്തികള്‍ക്കു വിത്തുപാകാന്‍ അവസരം സൃഷ്ടിക്കും. ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും അവരവരുടെ പാര്‍ട്ടികളില്‍ ന്യൂനപക്ഷ സെല്ലുകള്‍ രൂപീകരിക്കുക വഴി 1948ല്‍ ഖായിദെ:മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അടിസ്ഥാന സൌകര്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ട് പറഞ്ഞതു ശരിവയ്ക്കുകയാണു ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് കൂരി അധ്യക്ഷത വഹിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി പി. ഉബൈദുള്ളയ്ക്ക് ഉപഹാരം സമ്മാനിച്ചു. ഡോ. ഹരിദാസിനുള്ള ഉപഹാരം പി.ഉബൈദുള്ളയും നല്‍കി. വി.പി. അഹമ്മദ്കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം സിഎച്ച് സെന്ററിന്റെ പുതിയ കമ്മിറ്റിയെ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഉമ്മര്‍ ആവയില്‍ പ്രഖ്യാപിച്ചു. 'കെയര്‍ മലപ്പുറം' പദ്ധതിയെ കുറിച്ച് അഡ്വ. യസീദ് വിശദീകരിച്ചു. അജ്മാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി മജീദ് പന്തലൂര്‍, ദുബായി കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ.സി. ഇസ്മായില്‍. ആര്‍. ഷുക്കൂര്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍, പി.വി. നാസര്‍, കെ.എം. ജമാലുദ്ദീന്‍, കെ.പി.പി. തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി ജൌഹാര്‍ മൊറയൂര്‍ സ്വാഗതവും നജ്മുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു. ജാഫര്‍ വണ്ടൂര്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍