ശ്രീകൃഷ്ണ വേഷധാരികള്‍ മയൂര്‍ വിഹാര്‍ മഞ്ഞക്കടലാക്കി
Monday, September 7, 2015 7:44 AM IST
ന്യൂഡല്‍ഹി: സായം സന്ധ്യ സിന്ധൂരമണിഞ്ഞപ്പോള്‍ ശ്രീ കൃഷ്ണ വേഷ ധാരികളായ കൊച്ചു കണ്ണന്മാരും രാധികമാരും മയൂര്‍ വിഹാറിന്റെ നഗര വീഥികള്‍ മഞ്ഞക്കടലാക്കി.

ഹരേ രാമാ ഹരേ കൃഷ്ണ എന്ന നാമ ജപം മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചില്ല ഡിഡിഎ ഫ്ളാറ്റ്സില്‍ നിന്നും ആരംഭിച്ച മഹാ ശോഭായാത്ര ചില്ല സായി ബാബാ മന്ദിരത്തിലും അവിടെനിന്ന് ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വന്ന ഘോഷയാത്രയോടൊപ്പം ഗോശാല മന്ദിരവും ഭഗവദ് ധാമും കടന്ന് നഗരവീഥികള്‍ നിറഞ്ഞ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെത്തി.

തുടര്‍ന്നു ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. നൂറുക്കണക്കിനു കുട്ടികള്‍ കൃഷ്ണന്റെയും രാധികയുടെയും ബലരാമന്റെയും കംസന്റെയും വേഷ ഭൂഷാദികള്‍ ധരിച്ച് നടന്നു നീങ്ങുന്നതു കാണാന്‍ വമ്പിച്ച ജനാവലി രോഡിനിരുവശങ്ങളിലും തിങ്ങി നിറഞ്ഞു.

ക്ഷേത്ര ഭാരവാഹികള്‍ മഹാ ശോഭയാത്രയില്‍ പങ്കെടുത്തവര്‍ക്കായി ലഘുഭക്ഷണവും മധുര പാനീയങ്ങളും ഒരുക്കിയിരുന്നു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ വന്നണഞ്ഞ ഭക്തജനങ്ങള്‍ക്കായി സംഭാരവും ഒരുക്കിയിരുന്നു.

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചു ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ ഗുരുകൃപ മംഗളം ബാലസുബ്രഹ്മണ്യത്തിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ഭക്തി ഗാനങ്ങള്‍, വൈകുന്നേരം ഗോകുലം കോംപ്ളക്സില്‍ ഉറിയടി മത്സരം തുടര്‍ന്ന് ദാണ്ടിയാ, മയൂര്‍ വിഹാര്‍ ഫേസ് 3 ലെ വിഘ്നേശ്വര ഭജന സമിതി അവതരിപ്പിച്ച ഭജന എന്നിവയും നടന്നു. രാത്രി 12 വരെയായിരുന്നു ദര്‍ശന സമയം.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി