അഭയാര്‍ഥികളെ സഹായിക്കാന്‍ ഐഒസിയും
Saturday, September 5, 2015 8:06 AM IST
ബര്‍ലിന്‍: യൂറോപ്പിലേക്കു വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി രണ്ടു മില്യന്‍ ഡോളര്‍ അനുവദിച്ചു.

അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ക്കാണ് തുക നല്‍കുക. ഇതിനായി, പ്രോജക്ടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ജര്‍മന്‍കാരനായ ഐഒസി പ്രസിഡന്റ് തോമസ് ബാഹ്.

രണ്ടു മില്യനില്‍ ഒരു മില്യന്‍ ഐഒസിയുടെ നേരിട്ടുള്ള സംഭാവനയാണ്. ബാക്കി തുക ഒളിമ്പിക് സോളിഡാരിറ്റിയില്‍നിന്നും. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, പ്രോജക്ടുകളുടെ വിലയിരുത്തലും ഫണ്ട് വിതരണവും എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ബാഹ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍