ഷിഫാ മലയാളി സമാജത്തിന്റെ കേരളോത്സവം സെപ്റ്റംബര്‍ 24ന്
Saturday, September 5, 2015 8:04 AM IST
റിയാദ്: റിയാദിലെ ഷിഫയിലേയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഷിഫാ മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോത്സവം സെപ്റ്റംബര്‍ 24 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ വര്‍ഷവും നടത്തിവരുന്ന കേരളോത്സവം ഈ വര്‍ഷം കൂടുതല്‍ ആകര്‍ഷകമായ പരിപാടികളുമായി നടത്താന്‍ ബാബു കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഷിഫയിലെ അല്‍ വനാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരളോത്സവം പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ ഗായകന്‍ ശ്രീനാഥ് നയിക്കുന്ന ഗാനമേളയും സുമേഷ് തമ്പിയുടേയും സതീഷ് വെങ്കിടങ്ങന്റെയും മിമിക്രിയും ഉണ്ടായിരിക്കും. റിയാദിലെ സാമൂഹ്യ സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ അതിഥികളായെത്തുന്ന പരിപാടിയില്‍ കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. 2000 പേര്‍ക്കുള്ള ഉച്ചഭക്ഷണവും പരിപാടിയോടനുബന്ധിച്ച് ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ഷിഫാ മലയാളി സമാജത്തിന്റെ ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സമാജം അംഗമായിരുന്ന ശാരീരിക അസ്വസ്ഥതകള്‍ മൂലം നാട്ടിലേക്ക് മടങ്ങുന്ന അലവിക്ക് യോഗത്തില്‍ ഫ്രാന്‍സിസ് 5000 രൂപ കൈമാറി.

പരിപാടികളുടെ നടത്തിപ്പിനായി കെ.ടി. അലി ജനറല്‍ കണ്‍വീനറായി 50 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറി റഷീദ് സ്വാഗതവും രണദേവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍