ഡ്യൂസല്‍ഡോര്‍ഫില്‍ തിരുവോണാഘോഷം ആഘോഷിച്ചു
Saturday, September 5, 2015 8:03 AM IST
ഡ്യൂസല്‍ഡോര്‍ഫ്: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായ ഡ്യൂസല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. ഓഗസ്റ് 29നു (ശനി) വൈകുന്നേരം നാലിനു ഡ്യൂസല്‍ഡോര്‍ഫിലെ ത്രൈഫാള്‍ട്ടിഷ്കൈറ്റ് ദേവാലയത്തില്‍ ഫാ. ഷാജു ഇടമനയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു.

ഫാ.പയസ് അലക്സ്, ദീപ ഡെന്നീസ്, അര്‍ച്ചന ടിനീഷ്, ചാക്കോച്ചന്‍, പൌലോസ് മറ്റത്തില്‍ എന്നിവടങ്ങുന്ന കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.

തുടര്‍ന്നു ദേവാലയ ഹാളില്‍ ദീപ ഡെന്നീസ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമായി. ആഘോഷത്തില്‍ വിശിഷ്ടാതിഥിയായ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, കുടുംബകൂട്ടായ്മ കമ്മിറ്റിയംഗങ്ങളായ സാബു കോയിക്കേരില്‍, റെജീന മറ്റത്തില്‍, ഡെന്നി കരിമ്പില്‍, എല്‍സി വേലൂക്കാരന്‍, ലാലി ഇടശേരില്‍, ഹാനോ മൂര്‍ കടുത്താനം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി ഓണാശംസകള്‍ നേര്‍ന്നു.

ആഘോഷ പരിപാടികളുടെ ഭാഗമായി ജേക്കബ് കണ്ണമ്പുഴ മാവേലിയായി വേഷമിട്ടു. പുലികളിക്ക് മനോജ് ഓതറ നേതൃത്വം നല്‍കി. വാമനനായി ഡാനി ഓതറ വേഷമിട്ടു. ചെണ്ടമേളത്തിന് ബോസ് പള്ളിവാതുക്കല്‍ നേതൃത്വം നല്‍കി. അലിസ കോയിക്കരയുടെ ബോളിവുഡ് ഡാന്‍സും റീന പത്രോസിന്റെ ശാസ്ത്രീയ നൃത്തവും മികച്ചതായി. നേഹ, നോബിള്‍, നോയല്‍ കോയിക്കേരില്‍ എന്നിവര്‍ ഓണപ്പാട്ടും അവതരിപ്പിച്ചു. മേരി ക്രീഗര്‍ ഗാനം ആലപിച്ചു. അജിത ശൈലേഷ്, ജെസി വെന്‍ട്സ്ലെഫ്, റെജീന മറ്റത്തില്‍, ദീപ അജി, മിലി കോയിക്കര, ധന്യ സാബു, അമ്പിളി ഗുണശേഖര്‍, ദീപ ഡെന്നീസ് എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര ഏറെ മിഴിവു പകര്‍ന്നു. റിജു ഡേവീസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കപ്പിള്‍ ഫ്യൂഷന്‍ ഡാന്‍സില്‍ ഹാനോ ആന്‍ഡ് വിജി മൂര്‍, ഡെന്നി കരിമ്പില്‍, സാബു ആന്‍ഡ് ധന്യ കോയിക്കേരില്‍, അജിത ശൈലേഷ്, ജെസി, ദീപ എന്നിവര്‍ പങ്കെടുത്തു.

കേരള ഹൌസ് മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേളയില്‍ ബ്രൂക്ക്സ് വര്‍ഗീസ്, ബോസ്, ചാക്കോച്ചന്‍, ദീപ, അര്‍ച്ചന, പൌലോസ് മറ്റത്തില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ യുവതലമുറ താളമേള ആരവത്തില്‍ ചുവടുവച്ചു.

കുടുംബകൂട്ടായ്മയുടെ പ്രസിഡന്റ് സാബു കോയിക്കേരില്‍ സ്വാഗതവും സെക്രട്ടറി റെജീന മറ്റത്തില്‍ നന്ദിയും പറഞ്ഞു. റിജു ഡേവീസ് പരിപാടികളുടെ അവതാരകനായിരുന്നു. നിശ്ചലദൃശ്യങ്ങള്‍ ശൈലേഷ് രാജന്‍ കാമറയിലൂടെ പകര്‍ത്തി. ഓണസദ്യയോടെ ആഘോഷത്തിന് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍