മെട്രോ: മാഗഡി റോഡ്- മൈസൂരു റോഡ് പാതയില്‍ സുരക്ഷാ പരിശോധന നടത്തി
Saturday, September 5, 2015 5:51 AM IST
ബംഗളൂരു: നമ്മ മെട്രോ റീച്ച് രണ്ടിലെ മാഗഡി റോഡ്- മൈസൂരു റോഡ് പാതയില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി. മൂന്നു ദിവസത്തെ പരിശോധന ഇന്നലെയാണ് അവസാനിച്ചത്. സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുന്നതോടെ അടുത്ത മാസം ആദ്യം തന്നെ ഈ പാതയിലൂടെ വാണിജ്യസര്‍വീസ് ആരംഭിക്കാനാകുമെന്ന് ബിഎംസിആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

6.4 കിലോമീറ്റര്‍ നീളമുള്ള മാഗഡി റോഡ്- മൈസൂരു റോഡ് പാതയില്‍ മാഗഡി റോഡ്, ഹോസഹള്ളി, വിജയനഗര്‍, അട്ടിഗുപ്പെ, ദീപാഞ്ജലി നഗര്‍, മൈസൂരു റോഡ് എന്നീ സ്റേഷനുകളാണുള്ളത്. കഴിഞ്ഞ മേയിലാണ് ഈ പാതയിലൂടെയുള്ള പരീക്ഷണയോട്ടം പൂര്‍ത്തിയായത്. ജൂണോടെ പാതയിലൂടെ വാണിജ്യ സര്‍വീസ് നടത്താനാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ബിബിഎംപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടനം നീളുകയായിരുന്നു.

റീച്ച് നാല്, നാല് എയില്‍ ഉള്‍പ്പെടുന്ന നാഷണല്‍ കോളജ്- പുട്ടനഹള്ളി പാതയില്‍ മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടവും സെപ്റ്റംബറില്‍ ആരംഭിക്കും.