ബിബിഎംപി മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ക്കായി വടംവലി ശക്തം
Saturday, September 5, 2015 5:50 AM IST
ബംഗളൂരു: ബിബിഎംപി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതോടെ ബിജെപിയില്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ക്കായി വടംവലി ശക്തമായി. സെപ്റ്റംബര്‍ നാലിന് മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മേയര്‍ സ്ഥാനം പൊതുവിഭാഗത്തിനായതാണ് കൂടുതല്‍ പേര്‍ എത്താന്‍ കാരണം. ഡപ്യൂട്ടി മേയര്‍ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്.

ബിജെപി കൌണ്‍സിലര്‍മാരായ എന്‍. നാഗരാജു, പത്മനാഭ റെഡ്ഡി, എല്‍. ശ്രീനിവാസ, ഉമേഷ് ഷെട്ടി എന്നിവരെയാണ് മേയര്‍ സ്ഥാനത്തിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. ഇത്തവണ കൌണ്‍സിലില്‍ കൂടുതല്‍ വനിതാ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇത്തവണ വനിതകള്‍ക്കായി 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്നായി 100 വനിതാ പ്രതിനിധികളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.

കോര്‍പറേഷനിലെ 198 വാര്‍ഡുകളില്‍ ബിജെപി 100 എണ്ണത്തിലും കോണ്‍ഗ്രസ് 76 എണ്ണത്തിലുമാണ് വിജയിച്ചത്. ജനതാദള്‍ 14 സീറ്റിലും മറ്റുള്ളവര്‍ എട്ടെണ്ണത്തിലും വിജയിച്ചു. അതേസമയം, ബിബിഎംപി വിഭജനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അത് ബിജെപിക്കു തിരിച്ചടിയാകും. വിഭജനംനിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പുകൊണ്ട് പ്രയോജനമില്ലാതാകും. അതിനാല്‍, വിഭജന നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് ബിജെപിയുടെ തീരുമാനം.