സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
Saturday, September 5, 2015 5:23 AM IST
വിയന്ന: സ്വന്തം പച്ചക്കറിത്തോട്ടങ്ങളില്‍ വിളയുന്നതെന്തും ആരോഗ്യപരമാണെന്ന് കണ്ണുംപൂട്ടി വിശ്വസിക്കേണ്ട. കാരണം നമ്മുടെ പല അടുക്കളത്തോട്ടങ്ങളിലും വിളയുന്ന പച്ചക്കറികളില്‍ ജീവഹാനി വരെ സംഭവിക്കാവുന്ന വിഷാംശം അടങ്ങിയിരിക്കുന്നുവെന്ന് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്വന്തമായി പച്ചക്കറി നട്ടുവളര്‍ത്തുന്നവര്‍ക്കാണു സര്‍ക്കാരിന്റെ മുന്നറിയിപ്പെന്നതും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

കഴിഞ്ഞ ദിവസം ജര്‍മനിയില്‍ സ്വന്തം പച്ചക്കറിതോട്ടത്തില്‍നിന്നു വിളവെടുത്ത സുക്കിനി (കോര്‍ഗറ്റ്) കഴിച്ച് 79 വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അമിതമായ അളവില്‍ കുക്കര്‍ ബിറ്റാസിന്‍ എന്ന വിഷാംശം ശരീരത്തില്‍ ചെന്നതാണു വ്യൂട്ടര്‍ബര്‍ഗില്‍ 79 കാരന്‍ മരിക്കാനിടയായതെന്നാണു പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുക്കര്‍ ബിറ്റാസിന്റെ അളവ് കൂടുമ്പോള്‍ അമിത കയ്പ് അനുഭവപ്പെടും. ബയേണില്‍ പച്ചക്കറികള്‍ കഴിച്ച അഞ്ചു പേര്‍ ആശുപത്രിയിലായി. ഇതും പച്ചക്കറികളിലെ വിഷാംശമാണെന്നാണു റിപ്പോര്‍ട്ടുകള്‍.

കഠിനമായ വേനല്‍ച്ചൂടും ജനിതകമാറ്റം സംഭവിച്ച വിളകളുമാണു കുക്കര്‍ ബിറ്റാസിന്‍ അമിതമായി വര്‍ധിക്കാന്‍ കാരണമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് പച്ചക്കറികള്‍ പാചകം ചെയ്യുന്നതിനുമുമ്പ് പ്രത്യേകിച്ച് സുക്കിനി (കോര്‍ഗറ്റ്) രുചിച്ചു നോക്കണമെന്നും അമിതമായ കയ്പ് അനുഭവപ്പെടുന്നുണ്െടങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ലെന്നു മനസിലാക്കണമെന്നും കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കയ്പ്പില്ലാത്ത സുക്കിനി ആരോഗ്യപ്രദമാണെന്നും വ്യക്തമാക്കുന്നു.

ഓസ്ട്രിയയില്‍ ധാരാളം ആളുകള്‍ സുക്കിനി, ബീന്‍സ്, തക്കാളി, റബാബ്, തുടങ്ങിയ പച്ചക്കറികള്‍ വേനല്‍ക്കാലത്ത് വളര്‍ത്തുകയും വിളവെടുക്കുകയും ചെയ്തുവരുന്നുണ്ട്. അതുകൊണ്ട് സ്വന്തം തോട്ടത്തിലേക്കു ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചെടികളും വിത്തുകളും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍