അഭയാര്‍ഥികള്‍ യൂറോപ്പിന്റെ പ്രശ്നമല്ല, ജര്‍മനിയുടെ മാത്രം പ്രശ്നം: വിക്ടര്‍ ഓര്‍ബന്‍
Friday, September 4, 2015 8:07 AM IST
ബുഡാപെസ്റ്: അഭയാര്‍ഥിപ്രശ്നം ജര്‍മനിയുടേതു മാത്രമാണെന്നും യൂറോപ്പിന്റേതല്ലെന്നും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഹംഗറിയിലെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന രീതിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു ഓര്‍ബന്‍.

യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഓര്‍ബന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയം. ഹംഗറിയിലോ സ്ളോവാക്യയിലോ പോളണ്ടിലോ എസ്റ്റോണിയയിലോ താമസിക്കാന്‍ ഒരു അഭയാര്‍ഥിയും ആഗ്രഹിക്കുന്നില്ല. എല്ലാവരും ജര്‍മനിയിലേക്കു പോകാനാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുക എന്നതു മാത്രമാണ് മറ്റു രാജ്യങ്ങള്‍ക്കു ചെയ്യാനുള്ളത്- ഓര്‍ബന്‍ വ്യക്തമാക്കി. എന്നാല്‍ ഓര്‍ബന്റെ പ്രസ്താവന പ്രകോപനപരവും യൂറോപ്യന്‍ യൂണിനു നിരക്കുന്നതല്ലെന്നും പരക്കെ വിമര്‍ശനം ഉണ്ടായി.

രജിസ്റര്‍ ചെയ്യാത്ത ഒരാളും ഹംഗറി വിടാന്‍ പാടില്ലെന്നാണു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറയുന്നത്. അവര്‍ പറഞ്ഞാല്‍ ഞങ്ങള്‍ രജിസ്റര്‍ ചെയ്യും. ഉറപ്പ്. എന്നാല്‍, അതു കഴിഞ്ഞാല്‍ അഭയാര്‍ഥികള്‍ അവര്‍ക്കിഷ്ടമുള്ളിടത്തേക്കു പോകും- ഓര്‍ബന്‍ വ്യക്തമാക്കി. അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ വീതിച്ചെടുക്കണമെന്ന നിര്‍ദേശത്തോട് ശക്തമായ എതിര്‍പ്പാണു ഹംഗറി പ്രകടിപ്പിക്കുന്നത്.

അതേസമയം, ബുഡാപെസ്റിലെ അന്താരാഷ്ട്ര റെയില്‍വേ സ്റേഷനില്‍നിന്നു ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കുമുള്ള ട്രെയിനില്‍ കയറാന്‍ വന്ന അഭയാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ ഒരു ട്രെയിനില്‍ അതിക്രമിച്ചു കയറിയ അഭയാര്‍ഥികള്‍ അതില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാതെ ഉള്ളില്‍ തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍