അഭയാര്‍ഥി ക്വോട്ട കര്‍ക്കശമാക്കണമെന്നു ജര്‍മനിയും ഫ്രാന്‍സും
Friday, September 4, 2015 8:05 AM IST
ബര്‍ലിന്‍: യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ ആനുപാതികമായി പങ്കുവയ്ക്കണമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വ്യക്തമായ നിര്‍ദേശം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഹംഗറിയെപ്പോലുള്ള രാജ്യങ്ങള്‍ അഭയാര്‍ഥി പ്രശ്നം ജര്‍മനിയുടേതു മാത്രമാണെന്നും യൂറോപ്പിന്റേതു മൊത്തത്തില്‍ ഉള്ളതല്ലെന്നുമാണു നിലപാട് എടുത്തിരിക്കുന്നത്.

കടല്‍ മാര്‍ഗം യൂറോപ്പിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ നൂറുകണക്കിന് അഭയാര്‍ഥികളാണ് മരിച്ചത്. ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.

അതേസമയം, അതിര്‍ത്തി നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനോടു യോജിപ്പില്ലെന്നുതന്നെയാണു മെര്‍ക്കല്‍ ആവര്‍ത്തിക്കുന്നത്. യൂറോപ്പിനുള്ളിലെ സഞ്ചാര സ്വാതന്ത്യ്രം ഉറപ്പാക്കുന്നതു സംബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടത്താനും അവര്‍ തീരുമാനിച്ചിരിക്കുകയാണ്.

അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഒപ്പം അവരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആനുപാതികമായി വീതിച്ചെടുക്കണമെന്നും ഇറ്റലിയും ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍