അഭയാര്‍ഥിപ്രശ്നം; യൂറോപ്പിലെ അതിര്‍ത്തിരഹിത യാത്രകള്‍ ഭീഷണിയില്‍
Thursday, September 3, 2015 8:07 AM IST
ബര്‍ലിന്‍: ഇയു രാജ്യങ്ങള്‍ക്കിടയില്‍ അതിരുകളില്ലാതെ ഒരു ഭൂഖണ്ഡം എന്ന മനോഹര സങ്കല്‍പ്പമാണു ഷെങ്കന്‍ ഉടമ്പടിയിലൂടെ യൂറോപ്യന്‍ യൂണിയന്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത്. ഒരു പരിധിവരെ അതില്‍ അവര്‍ വിജയിക്കുകയും ചെയ്തതാണ്. എന്നാല്‍, കുടിയേറ്റവും അഭയാര്‍ഥിപ്രവാഹവും കൈകാര്യം ചെയ്യാന്‍ പല അംഗ രാജ്യങ്ങള്‍ക്കും സാധിക്കാതെ വന്നതോടെ ഷെങ്കന്‍ ഉടമ്പടിയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്നു.

യൂറോപ്പിനുള്ളില്‍നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ഒന്നു മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറുന്ന കാര്യം തീരുമാനിക്കാന്‍ ഹിത പരിശോധന നടത്തുന്നതിനു യുകെയെ പ്രേരിപ്പിക്കുന്നത്. യുകെ പിന്‍മാറുന്നില്ലെങ്കില്‍ അതിര്‍ത്തി പരിശോധനകള്‍ പുനഃസ്ഥാപിക്കുക എന്നതായിരിക്കും ഉപാധിയായി വയ്ക്കുക.

ഹംഗറിയും ജര്‍മനിയും ഓസ്ട്രിയയും അടക്കമുള്ള രാജ്യങ്ങളും വര്‍ത്തമാനകാല സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അതിര്‍ത്തി പരിശോധനകള്‍ താത്കാലികമായെങ്കിലും പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥികളെ സംബന്ധിച്ച പൊതു നയം പ്രഖ്യാപിക്കാന്‍ തയാറായില്ലെങ്കില്‍ ഷെങ്കന്‍ ഉടമ്പടിയെക്കുറിച്ച് പുനര്‍ചിന്തനം വേണ്ടിവരുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍തന്നെ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

1995ലാണു ഷെങ്കല്‍ ഉടമ്പടി നിലവില്‍ വന്നത്. ഇതുപ്രകാരം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള 28 രാജ്യങ്ങളില്‍ 22ലേക്കും യൂണിയനു പുറത്തുള്ള നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ലീച്ച്റ്റന്‍സ്റ്റീന്‍ എന്ന രാജ്യങ്ങളിലേക്കും ഇതില്‍ ഏതു രാജ്യത്തെ പൌരനും പാസ്പോര്‍ട്ട് ഇല്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഭൌതിക അതിരുകള്‍ മാത്രമല്ല, മാനസികമായ അകല്‍ച്ചകള്‍ പോലും മായ്ച്ചു കളയാന്‍ ഇതുവഴി സാധിച്ചിരുന്നുവെന്നാണു വിലയിരുത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍