യൂറോസോണില്‍ തൊഴിലില്ലായ്മാ നിരക്ക് മൂന്നു വര്‍ഷത്തെ കുറഞ്ഞ നിലയില്‍
Thursday, September 3, 2015 8:05 AM IST
ബ്രസല്‍സ്: ജൂലൈയിലെ കണക്കനുസരിച്ച് യൂറോസോണിലെ തൊഴിലില്ലായ്മാ നിരക്ക് മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. 11.1 ശതമാനത്തില്‍നിന്ന് 10.9 ശതമാനമായാണ് ജൂലൈയില്‍ കുറവു രേഖപ്പെടുത്തുന്നത്.

ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കുറഞ്ഞതാണ് ഇത്ര വലിയ പുരോഗതിക്കു സഹായിച്ചത്. ഇറ്റലിയിലെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 1,43,000 പേരുടെ കുറവാണ് ഒറ്റ മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്.

2012 ഫെബ്രുവരിക്കുശേഷം യൂറോസോണിലെ തൊഴിലില്ലായ്മാ നിരക്ക് പതിനൊന്നു ശതമാനത്തിനു താഴെയെത്തുന്നത് ഇതാദ്യമാണ്. 19 അംഗങ്ങളുള്ള യൂറോസോണിലെ മാത്രം കണക്കാണിത്. 28 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയന്റെ കണക്കില്‍ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോള്‍ 9.5 ശതമാനമാണ്. 2011 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ജര്‍മനിയിലാണ് നിരക്ക് ഏറ്റവും കുറവ്, 4.7 ശതമാനം. ഏറ്റവും കൂടുതല്‍ ഗ്രീസിലാണ്, 25 ശതമാനം. സ്പെയ്നില്‍ ഇത് 22.2 ശതമാനമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍