ഇന്ത്യന്‍ ബാങ്കുകള്‍ക്കു മാസത്തില്‍ രണ്ടു ശനിയാഴ്ചകളില്‍ അവധി
Thursday, September 3, 2015 8:03 AM IST
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ ഇനി മുതല്‍ മാസത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ പണമിടപാടുകള്‍ക്ക് മുടക്കമാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവധി പ്രഖ്യാപിച്ചതാണു കാരണം.

ബാങ്ക് ശാഖകള്‍ക്കൊപ്പം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്റ്റി), ഇലക്ട്രോണിക് ക്ളിയറിംഗ് സര്‍വീസ് (ഇസിഎസ്) എന്നിവയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും പ്രവര്‍ത്തിക്കില്ല. ചെക്ക് ക്ളിയറിംഗ്, ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റം, റീജണല്‍ ഇലക്ട്രോണിക് ക്ളിയറിംഗ് സര്‍വീസ്, നാഷണല്‍ ഇലക്ട്രോണിക് ക്ളിയറിംഗ് സര്‍വീസ് എന്നിവയും ശനിയാഴ്ചകളില്‍ ഉണ്ടായിരിക്കില്ല.

മാസത്തില്‍ രണ്ടു ശനിയാഴ്ച അവധിയായിരിക്കുമെങ്കിലും മറ്റു ശനിയാഴ്ചകളില്‍ സാധാരണ ദിവസങ്ങളിലേതുപോലെ പൂര്‍ണ ദിവസം ബാങ്ക് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രവാസി മലയാളികള്‍ക്ക് ഈ പുതിയ ബാങ്ക് അവധികളെക്കുറിച്ചുള്ള അറിവു നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കമ്യൂണിക്കേഷന്‍സ് ചീഫ് ജനറല്‍ മാനേജര്‍ സുമ വര്‍മ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍