ബ്രിസ്കയുടെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Thursday, September 3, 2015 6:01 AM IST
ബ്രിസ്റോള്‍: യുകെയിലെ ഏറ്റവും വലിയ ഓണാഘോഷമായ ബ്രിസ്കയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചിന് ഗ്രീന്‍വേ സെന്ററില്‍ നടക്കും. രാവിലെ 11.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ഓണാഘോഷം.

എഴുന്നൂറോളം പേര്‍ക്ക് ഒരുക്കുന്ന ഓണസദ്യ, ബ്രിസ്റോളിലെ മികച്ച കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ലൈവ് ഗാനമേള, മലയാളികളുടെ നൊസ്റാള്‍ജിയ ഉണര്‍ത്തുന്ന ചില കളികളും മത്സരങ്ങളും ബ്രിസ്ക ഒരുക്കിയിട്ടുണ്ട്. കോലുകളി, കല്ലുകളി എന്നിവയൊക്കെ ഇതില്‍ ചിലതാണ്. വിവിധ അസോസിയേഷനുകളുടെ ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ വടം വലി മത്സരവും മറ്റൊരാകര്‍ഷണമായിരിക്കും.

വൈകുന്നേരം ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികളില്‍വച്ച് ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം നല്‍കും. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ഇക്കുറി ബ്രിസ്ക അബ്ദുള്‍ കലാം അവാര്‍ഡാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്.

വൈകുന്നേരം 5.30 നു ആഘോഷമായി മാവേലി മന്നനെ വരവേല്‍ക്കും. ആറിനു നടക്കുന്ന പൊതുയോഗത്തെ തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്വാഗത നൃത്തവുമായി 30 ഓളം കുട്ടികളാണ് അരങ്ങിലെത്തുന്നത്. ഡാന്‍സ്, സ്കിറ്റ്, മൈം, വഞ്ചിപ്പാട്ട്, കപ്പിള്‍ ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ബ്രിസ്ക ക്രിക്കറ്റ് ക്ളബ് നടത്തുന്ന ലൈവ് തട്ടു കടയും ഉണ്ടായിരിക്കും.

ബ്രിസ്കയുടെ ഓണം ബംബര്‍ 2015 ടിക്കറ്റ് വില്‍പ്പന തുടരുകയാണ്. കൂടുതല്‍ ടിക്കറ്റ് വേണ്ടവര്‍ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. ഫസ്റ്റിംഗ് ഗ്ളോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്പോന്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.

ഒന്നാം സമ്മാനം: 12 ഗ്രാം ഗോള്‍ഡ്, രണ്ടാം സമാനം: എട്ടു ഗ്രാം ഗോള്‍ഡ്, മൂന്നാം സമ്മാനം: നാലു ഗ്രാം ഗോള്‍ഡ്.

ബ്രിസ്കയുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫും സെക്രട്ടറി ബോബിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്