വിവിധ ദേശക്കാര്‍ക്ക് ഓണസദ്യയൊരുക്കി കലാവിയന്നയുടെ തിരുവോണ സംഗമം
Thursday, September 3, 2015 5:57 AM IST
വിയന്ന: ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്ന ഓണസദ്യയും ഓണാഘോഷവും നടത്തി.

തനി നാടന്‍ കലവറ കൂട്ടുകളുടെ നിരവധി വിഭവങ്ങളുമായി മലയാളികളുടെ അച്ചാര മുറകള്‍ പങ്കുവച്ച് നടത്തിയ സദ്യയില്‍ സ്വദേശിയരും വിദേശിയരും ഉള്‍പ്പെടെ നാനൂറോളം പേര്‍ പങ്കെടുത്തു. സദ്യയോടൊപ്പം കലാപരിപാടികളും മാവേലിയുടെ എഴുന്നള്ളത്തും ഓണാഘോഷത്തെ ഏറെ ഹൃദ്യമാക്കി. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മറ്റു സംസ്കാരങ്ങളില്‍ നിന്നും വന്നവര്‍ക്ക് കേരളത്തിന്റെ പ്രിയപ്പെട്ട ആഘോഷത്തെപറ്റി വിവരിക്കാനും മലയാളികളുടെ സാംസ്കാരിക നന്മകള്‍ പങ്കുവയ്ക്കുന്നതിലും ആഘോഷത്തില്‍ പങ്കെടുത്ത വിയന്ന മലയാളികള്‍ സമയം കണ്െടത്തി.

ഓണസദ്യയോടോപ്പം കേരളയിയ സംസ്കൃതിയുടെ ഓര്‍മകള്‍ സദസിനു സമ്മാനിച്ച കലാപ്രകടനങ്ങള്‍ സദസിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രവാസികള്‍ക്കെന്നപോലെ ഓസ്ട്രിയക്കാര്‍ക്കും വേറിട്ട അനുഭവമായ ഓണവിരുന്നില്‍ സംഘടിപ്പിച്ച ഓണക്കാലത്തെ അനുസ്മരിപ്പിക്കുന്ന കലാവിരുന്നില്‍, കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിരവധി മലയാളി കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. കലാതരംഗിണി മേരിടീച്ചര്‍ അണിയിച്ചൊരുക്കിയ സാംസ്കാരിക കലാരൂപങ്ങള്‍ സദ്യക്കെത്തിയവരെ വിസ്മയിപ്പിച്ചു. കേരളത്തിന്റെ ആഘോഷാചാരങ്ങള്‍ വെളിപ്പെടുത്തുന്ന നൃത്തനൃത്യങ്ങള്‍ ഓണാഘോഷം കണ്ണുകള്‍ക്കു കൂടി വിരുന്നായി.

കലാവിയന്നയുടെ പ്രസിഡന്റ് സ്റീഫന്‍ ചെവ്വൂക്കാരന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സെക്രട്ടറി സിജിമോന്‍ പള്ളിക്കുന്നേല്‍ കൃതജ്ഞ്ത രേഖപ്പെടുത്തി. ഗ്രേഷ്മ പള്ളിക്കുന്നേലും ഫെന്ന ചെവ്വൂക്കാരനും പരിപാടിയുടെ അവതാരകരായി. വിയന്നയിലെ യുറോപ്പ് ബിസിനസ് സ്കൂളും കൊച്ചിയില്‍ നിന്നുള്ള നെസ്റ് ഇന്‍ഫ്രാടെക്കും ആഘോഷപരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് കാരയ്ക്കാട്ട്, ജോയിന്റ് സെക്രട്ടറി സിമ്മി ചിറയത്ത്, ട്രഷറര്‍ ഔസേപ്പച്ചന്‍ പേഴുംക്കാട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി