ഫ്രാങ്ക്ഫര്‍ട്ട് ഭാരത്ഫെറയിന്‍ സുവര്‍ണ ജൂബലി ആഘോഷിച്ചു
Wednesday, September 2, 2015 3:40 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഭാരത്ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് സുവര്‍ണ ജൂബിലി ആഘോഷിച്ചു. ഓഗസ്റ് 29ന് ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡവെസ്റ് സ്റാട്ടിലെ ടിറ്റുസ്ഫോറം ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്.

ഫാരത്ഫെറയിന്‍ രക്ഷാധികാരിയും ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായ രവീഷ് കുമാര്‍, മുഖ്യാതിഥിയായി ഹെസന്‍ സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഇന്‍ഗ്മാര്‍ യുംഗ്, സ്റേറ്റ് ബാങ്ക് ഇന്ത്യാ സിഇഒ റാണാ കുമാര്‍ സിംഗ്, എയര്‍ ഇന്ത്യാ മാനേജര്‍ സുബയ്യ, ഇന്ത്യന്‍ ടൂറിസ്റ് ഓഫീസ് ഡയറക്ടര്‍ രാംകുമാര്‍ വിജയന്‍ എന്നിവര്‍ കുടുബസമേതം സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. എയര്‍ ഇന്ത്യാ, ഭാരത് ഫെറയിന്‍ മറ്റ് വ്യക്തികള്‍ എന്നിവര്‍ നല്‍കിയ ഇന്ത്യന്‍ ഫ്ളൈറ്റ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളോടെ തമ്പോല നടത്തി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഒരുപറ്റം വിദ്യാര്‍ഥികളും വിവിധ ജര്‍മന്‍ കമ്പനികളിലെ ട്രെയിനികളുമായിട്ടാണ് 1965 ല്‍ ഭാരത്ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഫ്രാങ്ക്ഫര്‍ട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയ നഴ്സ്മാരും അവരുടെ കുടുബാംഗങ്ങളും ഭാരത്ഫെറയിനില്‍ അംഗങ്ങളായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ നിന്നും ഇവിടെ വന്ന് ബിസിനസ് ആരംഭിച്ചവരും ഈ ഫെറൈനില്‍ അംഗത്വം സ്വീകരിച്ചു. ഏതാണ്ട് 45 വര്‍ഷം ഫെറയിനില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളിയായ ഐസക് പുലിപ്രയുടെ സേവനം അസോസിയേഷന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു നിര്‍ണായക പങ്കു വഹിച്ചു.

നിരവധിതവണ ഫെറയിന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഐസക് പുലിപ്ര ഇപ്പോഴും ഫെറയിന്‍ ജനറല്‍ സെക്രട്ടറി ആണ്. ഐസക്കിന്റെ തിയോളജി, സോഷ്യോളജി, ജേര്‍ണലിസം പഠനങ്ങളില്‍ നിന്ന് കിട്ടിയ അറിവ് ഫെറയിന്‍ പ്രവര്‍ത്തനങ്ങളില്‍ വിജയകരമായി ഉപയോഗപ്പെടുത്തി. മലയാളികളായ ജോസഫീന്‍ ഓട്ടര്‍മാന്‍, സ്റീഫന്‍ മണി, സുരേന്ദ്ര മേനോന്‍, ജോസ്കുമാര്‍ ചോലങ്കേരി, വര്‍ഗീസ് മാത്യു, അനൂപ് മുണ്േടത്ത് എന്നീ മലയാളികളും ഭാരത്ഫെറയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂബലി ആഘോഷത്തില്‍ ദുര്‍ഗ ആര്യാ ഗ്രൂപ്പിന്റെ വിവിധ ഇന്ത്യന്‍ ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍ ഡാന്‍സുകള്‍, ഇന്ത്യന്‍ തമ്പല വിദഗ്ധന്‍ പണ്ഡിറ്റ് സദാനന്ദ് നായ്ബള്ളിയുടെ നേതൃത്വത്തിലുള്ള തമ്പലമേള, ഗുജറാത്തി ഫോള്‍ക്ഡാന്‍സ് എന്നിവ അരങ്ങേറി. ജൂബലി ആഘോഷങ്ങള്‍ രാഗേഷ് ബട്നഗറിന്റെ നേതൃത്വത്തില്‍ നടത്തിയ ബോളിവുഡ് നൈറ്റോടെ പര്യവസാനിച്ചു. പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കൊമേഴ്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൃദുലാ സിംഗ് മോഡറേറ്റ് ചെയ്തു. ഭാരത്ഫെറയിന്‍ പ്രസിഡന്റ് പ്രീത് ഗില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വിപിന്‍ മിശ്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍