മാപ്പിന്റെ ഓണാഘോഷം വര്‍ണാഭമായി
Wednesday, September 2, 2015 3:37 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ചതയം ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ആഘോഷങ്ങളില്‍ ജാതിമതഭേദമന്യേ ധാരാളം പ്രവാസി മലയാളികള്‍ പങ്കെടുത്തു. ഓണാഘോഷത്തിന്റെ തുടക്കം വിളിച്ചറിയിച്ചുകൊണ്ട് വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നന്‍ വേദിയിലെത്തി എല്ലാ മലയാളികള്‍ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഭരതം ഡാന്‍സ് അക്കാഡമി അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

മാപ്പ് പ്രസിഡന്റ് സാബു സ്കറിയയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ മുഖ്യാഥിതി ചിന്മയ മിഷന്‍ ട്രൈസ്റേറ്റ് സെന്ററിലെ ആചാര്യന്‍ സിദ്ധാനന്ദ സ്വാമി ഓണസന്ദേശം നല്‍കി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ മാനസി യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, പബ്ളിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോസ് എബ്രഹാം തുടങ്ങിയ നേതാക്കളും ഫിലഡല്‍ഫിയയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക നായകരും യോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. സമ്മേളനത്തിനു മാപ്പിന്റെ വൈസ് പ്രസിഡന്റ് ദാനിയേല്‍ തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സിജു ജോണ്‍ നന്ദിയും അര്‍പ്പിച്ചു.

മാപ്പിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡുകള്‍ ജോസഫ് എം. കുന്നേല്‍, കുര്യന്‍ കുഞ്ഞാണ്ടി എന്നിവര്‍ക്കും മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡുകള്‍ തോമസ് എം. ജോര്‍ജ്, ബാബു കെ. തോമസ്, സ്കറിയ ഉമ്മന്‍ എന്നിവര്‍ക്കും യോഗത്തില്‍ സമ്മാനിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വര്‍ണ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. മാപ്പ് അംഗങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ച തായമ്പക കേരളത്തനിമ നിറഞ്ഞതായി.കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി, നൂപുര ഡാന്‍സ് അക്കാഡമിയിലെ കലാകാരികള്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ നൃത്തം, 'റ്റെമ്പിള്‍ അഗ്നി' യുടെ സിനിമാറ്റിക് ഡാന്‍സ്, ആര്‍ട്സ് ചെയര്‍മാന്‍ അനൂപ് ജോസഫ്, ശ്രീദേവി അജിത്കുമാര്‍ തുടങ്ങിയ അനുഗ്രഹീത ഗായകര്‍ നയിച്ച ഗാനമേള, വിവധ നൃത്തനൃത്യങ്ങള്‍, ഇതര കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടികള്‍ക്ക് മിഴിവേകി. ടോം തോമസിന്റെ നേതൃത്വത്തില്‍ മാപ്പ് വിമന്‍സ് ഫോറം ഒരുക്കിയ ഓണപൂക്കളവും ശ്രദ്ധയാകര്‍ഷിച്ചു. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം