വിശാലമായി മാണ്ഡ്യ രൂപത; ആഹ്ളാദത്തില്‍ ബംഗളൂരുവിലെ വിശ്വാസികള്‍
Wednesday, September 2, 2015 2:55 AM IST
ബംഗളൂരു: സീറോ മലബാര്‍ ബംഗളൂരു മിഷനെ മാണ്ഡ്യ രൂപതയുമായി കൂട്ടിച്ചേര്‍ക്കുന്നതോടെ ബംഗളൂരുവിലെ സീറോ മലബാര്‍ സഭാവിശ്വാസികളുടെ ദീര്‍ഘനാളത്തെ ആഗ്രഹമാണ് സഫലമാകുന്നത്. ഇതോടെ ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കു സ്വന്തം സഭയുടെ പൈതൃകത്തില്‍ അജപാലനശുശ്രൂഷ നടത്താനുള്ള അവസരം പൂര്‍ണമായും കൈവന്നിരിക്കുകയാണ്.

ബംഗളൂരു സീറോ മലബാര്‍ മിഷന്റെ കീഴില്‍ ബംഗളൂരുവിലെയും സമീപമേഖലകളിലെയും വിശ്വാസികളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ മുതല്‍ രൂപതയ്ക്കായി പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയുമാണ് വൈദികശ്രേഷ്ഠരും വിശ്വാസികളും കഴിഞ്ഞിരുന്നത്. വിവിധ മെത്രാന്മാരും വൈദികരും അല്മായരും രൂപതാ പദവിയിലേക്കുള്ള യാത്രയില്‍ പങ്കാളികളായി.

സീറോ മലബാര്‍ ബംഗളൂരു മിഷനിലെ ബംഗളൂരു റൂറല്‍, ബംഗളൂരു അര്‍ബന്‍, ചിക്കബല്ലാപുര്‍, രാമനഗരം, കോലാര്‍, തുമകുരു എന്നീ ആറു ജില്ലകളാണ് മാണ്ഡ്യ രൂപതയോടു കൂട്ടിച്ചേര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം വിശ്വാസികളാണ് സീറോ മലബാര്‍ ബംഗളൂരു മിഷനിലുള്ളത്. ഇവരില്‍ എണ്‍പതു ശതമാനത്തിലേറെ വിശ്വാസികളും ബംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. ബാക്കിയുള്ളവര്‍ മറ്റ് അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 23 ഇടവകകളും 25 ദിവ്യകാരുണ്യ കേന്ദ്രങ്ങളും ബംഗളൂരുവിന്റെ ഭാഗമായുണ്ട്. കൂടാതെ, വിവിധ ഭക്തസംഘടനകള്‍, ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങിയവയും സീറോ മലബാര്‍ ബംഗളൂരു മിഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സീറോ മലബാര്‍ സഭ ബംഗളൂരുവില്‍

ബംഗളൂരുവിലെ സീറോ മലബാര്‍ സഭയുടെ ചരിത്രം വിവിധ പ്രേഷിത സന്യാസസഭകളുടെ കടന്നുവരവുമായി ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്. ബംഗളൂരുവില്‍ പ്രേഷിതവേല നടത്തിയിരുന്ന വിവിധ സന്യാസസഭകളാണ് സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത്. സന്യാസസഭകളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സെമിനാരികളുടെ ചുവടുപിടിച്ചാണ് ആദ്യം അജപാലനപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്. കര്‍മലീത്താ സന്യാസസഭ (സിഎംഐ), ക്ളരീഷന്‍ മിഷണറിമാര്‍ (സിഎംഎഫ്), വിന്‍സെന്‍ഷ്യന്‍ സഭ (വിസി), ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്സ് (ഒ.കാറം), കാര്‍മലൈറ്റ്സ് (ഒസിഡി), നോര്‍ബര്‍ട്ടൈന്‍സ് (ഒ.പ്രേം), മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ളസ്ഡ് സേക്രമെന്റ് (എംസിബിഎസ്), വിസിറ്റേഷന്‍ സഭ (വിസി), മിഷണറീസ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (എംഎസ്എഫ്എസ്) തുടങ്ങിയ പ്രേഷിതസഭകള്‍ ബംഗളൂരുവില്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു

1957 ജൂണ്‍ ഒന്നിനാണ് സിഎംഐ സഭയുടെ നേതൃത്വത്തില്‍ ധര്‍മാരാം കോളജ് സ്ഥാപിതമായത്. 1950കളില്‍ ബംഗളൂവിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ലത്തീന്‍ സഭയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ലത്തീന്‍ ആരാധനാക്രമം അനുസരിച്ചാണ് തിരുക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുപോന്നിരുന്നത്. സ്വന്തം ദേവാലയം എന്ന ആഗ്രഹം അവര്‍ വളരെക്കാലം കൊണ്ടുനടന്നു.

ധര്‍മാരാം കോളജ് സ്ഥാപിച്ചതോടെ തിരുക്കര്‍മങ്ങള്‍ക്ക് അവിടുത്തെ വൈദികരുടെ സേവനം ലഭ്യമായി. പിന്നീട് വിശ്വാസികളുടെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിശുദ്ധരുടെ തിരുനാളുകള്‍ ആചരിക്കാന്‍ തുടങ്ങി. അവരുടെ വിശ്വാസവളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ധര്‍മാരാമിലെ വൈദികരും അധ്യാപകരും സഹായങ്ങള്‍ നല്കി. ബംഗളൂരുവിലെ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ധര്‍മാരാം കോളജിലെ സന്യസ്തരും വിദ്യാര്‍ഥികളും വലിയ പങ്കാണ് വഹിച്ചത്. 1983 മാര്‍ച്ച് 19 ബംഗളൂരുവിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ബംഗളൂരു ആര്‍ച്ച് ബിഷപ് ആയിരുന്ന മാര്‍ പാക്യം ആരോഗ്യസ്വാമി ധര്‍മാരാം കോളജ് ചാപ്പലില്‍ സെന്റ് തോമസ് ഇടവകയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയിലെ ലത്തീന്‍ സഭയുടെ കീഴില്‍ സ്ഥാപിതമായ ആദ്യ സീറോ മലബാര്‍ ഇടവകയായിരുന്നു ധര്‍മാരാം. 1985 ല്‍ സീറോമലബാര്‍ സഭയുടെ ബംഗളൂരുവിലെ രണ്ടാമത്തെ ദേവാലയമായി ജാലഹള്ളി സെന്റ് തോമസ് ഇടവക സ്ഥാപിതമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ പുതിയ ഇടവകകളും ദിവ്യകാരുണ്യ കേന്ദ്രങ്ങളും ബംഗളൂരുവില്‍ ആരംഭിച്ചു.

കത്തോലിക്കരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടനകളും പുതിയ ദേവാലയങ്ങളുടെ രൂപീകരണത്തില്‍ പങ്കാളികളായിട്ടുണ്ട്. ഇത് പിന്നീട് സന്യാസസഭകളുടെ നേതൃത്വത്തിലായി. 1930 കളില്‍ യശ്വന്ത്പുര്‍ കേന്ദ്രീകരിച്ച് ജീവിതമാരംഭിച്ച മലയാളി കത്തോലിക്കാ വിശ്വാസികള്‍ ചേര്‍ന്ന് 1955 ല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് അസോസിയേഷനു തുടക്കമിട്ടു. 1975 ല്‍ സംഘടനയുടെ പേര് മലയാളീ കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (എംസിഡബ്ള്യുഎ) എന്നായി. സീറോ മലബാര്‍ വിശ്വാസികളുടെ ആരാധനയ്ക്കും ആത്മീയ ആവശ്യങ്ങള്‍ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തിവന്നത്. സ്വന്തമായി ഒരു ദേവാലയം എന്ന അവരുടെ ആഗ്രഹത്തിനു കൂട്ടായി നിന്നത് ക്ളരീഷ്യന്‍ മിഷണറിമാരായിരുന്നു. 220 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് ക്ളരീഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ 1992 ഡിസംബര്‍ 13 ന് മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം സ്ഥാപിച്ചു. 2003 ല്‍ ക്ളരീഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ സഹകരണത്തോടെ ദാസറഹള്ളിയില്‍ സെന്റ് ജോസഫ് ആന്‍ഡ് ക്ളാരറ്റ് ദേവാലയം സ്ഥാപിതമായി. സീറോ മലബാര്‍ ബംഗളൂരു മിഷന്റെ കീഴില്‍ ക്ളരീഷ്യന്‍ സഭയ്ക്ക് അഞ്ച് ഇടവകകളും ഒരു ദിവ്യകാരുണ്യ കേന്ദ്രവുമുണ്ട്.

1962-ലാണ് ഒസിഡി സന്യാസസഭാ വൈദികര്‍ ബംഗളൂരുവിലെ പ്രേഷിതപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. 1971 ല്‍ ഒസിഡി വൈദികരുടെ നേതൃത്വത്തില്‍ കര്‍മലാരാമില്‍ ആരംഭിച്ച തിയോളജി കോളജ് പിന്നീട് ഇടവകാ പദവിയിലെത്തി. ഇതോടൊപ്പം തന്നെ നോര്‍ബര്‍ട്ടൈന്‍, വിന്‍സെന്‍ഷ്യന്‍, എംസിബിഎസ്, എംഎസ്എഫ്എസ്, ഓ.കാറം തുടങ്ങിയ സന്യാസസഭകളും ബംഗളൂരുവില്‍ ദേവാലയങ്ങള്‍ രൂപീകരിച്ചു. ഇങ്ങനെ വിവിധ സഭകളുടെയും പ്രേഷിതരുടെയും കൂട്ടായ്മയിലാണ് ബംഗളൂരുവിലെ സീറോ മലബാര്‍ സഭ വളര്‍ച്ച പ്രാപിച്ചത്. ബംഗളൂരുവിലെ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നിറവേറ്റുന്നതില്‍ കേരളത്തിലെ രൂപതകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെയാണ് കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ രാജരാജേശ്വരി സ്വര്‍ഗറാണി ദേവാലയവും മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഹുളിമാവ് സാന്തോം ഇടവകയും സ്ഥാപിതമായത്.

ഒരു രൂപത എന്ന പദവി ലഭിച്ചിരുന്നില്ലെങ്കിലും ബംഗളൂരു സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍, മതബോധനകേന്ദ്രം, സീറോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റ്, മാതൃവേദി, പിതൃവേദി, ചെറുപുഷ്പ മിഷന്‍ലീഗ് തുടങ്ങിയ സഭാസംഘടനകള്‍ ഒരു രൂപതയിലെന്നപോലെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു. കൂടാതെ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കായി വര്‍ഷംതോറും ബൈബിള്‍ കണ്‍വന്‍ഷനുകളും നടത്തിവരുന്നു.

വിവിധ സന്യാസ, സന്യാസിനീ സഭകളുടെ മികച്ച സഹകരണവും സീറോ മലബാര്‍ ബംഗളൂരു മിഷനു ലഭിച്ചുവരുന്നു. ധര്‍മാരാം, ഹൊങ്ങസാന്ദ്ര, മത്തിക്കരെ, സുല്‍ത്താന്‍ പാളയ എന്നിങ്ങനെ നാലു സോണുകളായി തിരിച്ചാണ് ഇടവകകളുടെ പ്രവര്‍ത്തനം നിര്‍വഹിച്ചുവരുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിയ വ്യക്തിത്വം

സിജോ പൈനാടത്ത്

കൊച്ചി: സഭാശുശ്രൂഷയിലും വിദ്യാഭ്യാസരംഗത്തും തിളങ്ങിയ വ്യക്തിത്വമാണ് റവ.ഡോ. ആന്റണി കരിയില്‍. പൌരോഹിത്യ ജീവിതവും പുതിയ ഇടയദൌത്യത്തിലേക്കുള്ള പ്രവേശവും അതുകൊണ്ടുതന്നെ അര്‍ഥപൂര്‍ണമാണ്. പ്രാര്‍ഥനയില്‍ ജീവിതം അര്‍പ്പിച്ച് അതില്‍നിന്നു കരുത്തു സ്വന്തമാക്കിയ വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യമ്മയും എന്നും തനിക്കു വലിയ പ്രചോദനമാണെന്നു മാണ്ഡ്യ രൂപതയുടെ നിയുക്ത മെത്രാന്‍ റവ.ഡോ.കരിയില്‍ ദീപികയോടു പറഞ്ഞു.

എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്ന ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു. പുതിയ ദൌത്യത്തില്‍ ഭാരതസഭയുടെ മുഴുവന്‍ സഹകരണവും പ്രാര്‍ഥനയും ആവശ്യമുണ്ട്. താന്‍ എന്തായിരിക്കുന്നുവോ അതു സിഎംഐ സഭ വഴിയാണ്. സഭയാണ് തന്നെ വളര്‍ത്തിയത്. മാണ്ഡ്യ രൂപതയുടെ വളര്‍ച്ചയില്‍ ബിഷപ് മാര്‍ ഞരളക്കാട്ടിന്റെ കഠിനാധ്വാനമുണ്ട്- നിയുക്തമെത്രാന്‍ പറഞ്ഞു.

ബാംഗളൂരിലേക്കു കൂടി മാണ്ഡ്യ രൂപത വിപുലപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനകരമാണ്. അവിടുത്തെ അജപാലന ശുശ്രൂഷ കൂടുതല്‍ ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. 1975 മുതല്‍ 1978 വരെയുള്ള ദൈവശാസ്ത്ര പഠനകാലയളവിലും 1979-1997ലെ ക്രൈസ്റ് കോളജിലെ അധ്യാപന കാലഘട്ടവും ചെലവഴിച്ച ബാംഗളൂരില്‍ എല്ലാവരുടെയും സഹകരണത്തോടെ പുതിയ നിയോഗം ഫലപ്രദമായി വിനിയോഗിക്കാനാവുമെന്നാണു പ്രതീക്ഷ. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം- അങ്കമാലി അതിരൂപതയിലെ മെത്രാന്മാരും വൈദികരും തനിക്കു വലിയ പ്രോത്സാഹനമാണു നല്‍കിയിട്ടുള്ളതെന്നും നിയുക്തമെത്രാന്‍ പറഞ്ഞു.

പരേതരായ കരിയില്‍ ജോസഫിന്റെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനാണ്. ജോണ്‍, മേരിക്കുട്ടി, റോസക്കുട്ടി, തോമസ്, ആലീസ്, ജോസ് എന്നിവരാണു സഹോദരങ്ങള്‍.

കോക്കമംഗലം വെള്ളിയാകുളം യുപിഎസ്, ചേര്‍ത്തല ഗവ.എച്ച്എസ് എന്നിവിടങ്ങളിലായിരുന്നു റവ.ഡോ. കരിയിലിന്റെ സ്കൂള്‍ വിദ്യാഭ്യാസം. മലയാളം അധ്യാപകനായ പിതാവ് ജോസഫ് പത്താം ക്ളാസില്‍ പഠിപ്പിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ കളമശേരിയിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍നിന്നു ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, പൂന സര്‍വകലാശാലയില്‍നിന്നു സോഷ്യോളജിയില്‍ എംഎ, ബാംഗളൂര്‍ ധര്‍മാരാമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദം, ബാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കന്നഡയില്‍ ഡിപ്ളോമ, പൂന യൂണിവേഴ്സിറ്റില്‍നിന്നു സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി.

രാജഗിരി എന്‍ജിനിയറിംഗ് കോളജ്, കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബിസിനസ് സ്കൂള്‍ എന്നിവയുടെ ഡയറക്ടര്‍, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് മെംബര്‍, കേരള കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി, ബാംഗളൂര്‍ ഫംഗ്ഷണല്‍ വൊക്കേഷണല്‍ ട്രെയ്നിംഗ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി പ്രസിഡന്റ്, സിഎംഐ സഭയുടെ കളമശേരി എസ്എച്ച് വികാര്‍ പ്രൊവിന്‍ഷ്യല്‍, പ്രൊവിന്‍ഷ്യാള്‍, സിഎംഐ പ്രിയോര്‍ ജനറാള്‍, സിആര്‍ഐ പ്രസിഡന്റ്, വോളണ്ടറി കോ-ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ഫോര്‍ അഡോപ്ഷന്‍ ചെയര്‍മാന്‍, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കാലിക്കറ്റ് സര്‍വകലാശാലയിലും ബാംഗളൂര്‍ സര്‍വകലാശാലയിലും ബോര്‍ഡ് ഓഫ് സ്റഡീസ് മെംബര്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, കളമശേരി രാജഗിരി, ബാംഗളൂര്‍ ക്രൈസ്റ് കോളജുകളുടെ പ്രിന്‍സിപ്പല്‍, ബാംഗളൂര്‍ യൂണിവേഴ്സിറ്റി അക്കാഡമിക് കൌണ്‍സില്‍ മെംബര്‍, ക്രൈസ്റ് കോളജ് സോഷ്യോളജി വകുപ്പുമേധാവി, ബാംഗളൂര്‍ കാത്തലിക് മലയാളി കമ്യൂണിറ്റി ചാപ്ളയിന്‍, തേവര എസ്എച്ച് കോളജ് സോഷ്യോളജി അധ്യാപകന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ചര്‍ച്ച് ആന്‍ഡ് സൊസൈറ്റി ഇന്‍ കേരള എ സോഷ്യോളജിക്കല്‍ സ്റഡി ഉള്‍പ്പടെ മൂന്നു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, നേതൃത്വ മേഖലകളില്‍ അടയാളപ്പെടുത്തിയ മികവിന്റെ കൈയൊപ്പുകള്‍, ഇടയനിയോഗത്തില്‍ റവ.ഡോ.കരിയിലിനു മാര്‍ഗദീപമാകും.

കോക്കമംഗലത്തും സന്തോഷം

ചേര്‍ത്തല: കരിയിലച്ചന്‍ മെത്രാനായതിന്റെ സന്തോഷത്തിലാണു ചേര്‍ത്തല കോക്കമംഗലത്തെ കരിയില്‍ കുടുംബവും നാട്ടുകാരും. റവ.ഡോ. ആന്റണി കരിയിലിന്റെ ഇളയ സഹോദരന്‍ ജോസാണു തറവാട്ടില്‍ താമസിക്കുന്നത്.

ചേര്‍ത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകന്‍ ശാസ്ത്രി സാറെന്നറിയപ്പെടുന്ന പരേതനായ പി. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമത്തയാളാണു നിയുക്ത മെത്രാന്‍. കറുകുറ്റി എസ്സിഎംഎസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജോണ്‍, മേരിക്കുട്ടി, റോസക്കുട്ടി (റിട്ട.അധ്യാപിക), തോമസ്, ജോസ് എന്നിവരാണു സഹോദരങ്ങള്‍.


അവര്‍ണനീയമായ ദാനം: റവ.ഡോ. മാത്യു കോയിക്കര സിഎംഐ (എപ്പിസ്കോപ്പല്‍ വികാരി)

അവര്‍ണനീയമായ ദാനം ബാംഗളൂരുവിലെ സീറോ മലബാര്‍ പ്രവാസി സമൂഹത്തിനു ലഭിച്ചതിനു സര്‍വശക്തനു നന്ദിയും സ്തുതിയും മഹത്വവും. പ്രവാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കു വേണ്ട അജപാലന സംവിധാനങ്ങളും സേവനങ്ങളും നല്കുന്നതിനു പരിശുദ്ധ സിംഹാസനം ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ നിയമിക്കപ്പെട്ട അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ സ്തുത്യര്‍ഹമായ പരിശ്രമത്തിന്റെയും, അതോടൊപ്പം സീറോ മലബാര്‍ മെത്രാന്‍ തിരുസംഘത്തെ അദ്ദേഹം കണ്ടു പ്രവാസികളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെയും ഫലമായി, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ തീക്ഷ്ണമായ കരുതലിലൂടെ ഔദാര്യപൂര്‍വം ലഭിച്ച അനുഗ്രഹമാണ് ഈ പുതിയ രൂപതാ സംവിധാനം. ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. ബര്‍ണാഡ് മോറസ് പിതാവിന്റെ കാലോചിതമായ സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലം കൂടിയാണ് ഈ പുതിയ സംവിധാനം. പ്രവാസികളുടെ അജപാലന ശുശ്രൂഷയില്‍ നാളിതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആധ്യാത്മിക ശുശ്രൂഷാ നേതൃത്വത്തിനും ആര്‍ച്ച്ബിഷപ്പിനു നന്ദിയര്‍പ്പിക്കുന്നു. വളരെ തീക്ഷ്ണതയുള്ള ഈ പ്രവാസി സമൂഹത്തിനു ലഭിച്ചിരിക്കുന്ന ഏറ്റവും യോഗ്യനും വിജ്ഞാനിയും, അതിലുപരി ഒരു വിശുദ്ധവ്യക്തിത്വവുമായ രൂപതാധ്യക്ഷനെയാണു റവ.ഡോ. ആന്റണി കരിയില്‍ സിഎംഐയിലൂടെ ലഭിച്ചത് എന്നോര്‍ക്കുമ്പോള്‍ ദൈവജനത്തോടൊപ്പം ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു.


സര്‍വസമ്മതന്‍, സ്വീകാര്യന്‍: മോണ്‍. ജോര്‍ജ് ആലൂക്ക അഡ്മിനിസ്ട്രേറ്റര്‍, മാണ്ഡ്യ രൂപത

എല്ലാവര്‍ക്കും സര്‍വസമ്മതനും സ്വീകാര്യനുമായ ഇടയനാണ് മാര്‍ ആന്റണി കരിയില്‍. മാണ്ഡ്യ രൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടത്താന്‍ അദ്ദേഹത്തിനു കഴിയും. ബംഗളൂരു കൂടി ഉള്‍പ്പെടുന്നതോടെ രൂപതയുടെ അജപാലന മേഖല കൂടുതല്‍ വിസ്തൃതമാകുകയാണ്. ബംഗളൂരുവിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ വലിയ ഒരു നാഴികക്കല്ലാണ് ഇത്.


ദൈവാനുഗ്രഹത്തിന്റെ ഇടയന്‍: ഫാ. തോമസ് വടക്കേടത്ത് ഒസിഡി (ഹൊങ്ങസാന്ദ്ര സോണല്‍ കോ-ഓര്‍ഡിനേറ്റര്‍)

ബംഗളൂരുവിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയിലെ ഒരു നാഴികക്കല്ലാണ് ഇത്. നമ്മുടെ പൂര്‍വികരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയുമൊപ്പം ദൈവാനുഗ്രഹം കൂടി ചേര്‍ന്നതോടെയാണ് പുതിയ നേട്ടം കൈവന്നത്. തീര്‍ച്ചയായും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ഇടയനെ തന്നെയാണ് സഭയ്ക്കു ലഭിച്ചിരിക്കുന്നത്. കാലത്തിന്റെ ആവശ്യമായിരുന്ന ഒരു അപ്പസ്തോലനെ ദൈവം നമുക്കു നല്കിയിരിക്കുന്നു. പ്രശ്നങ്ങള്‍ ഉദിച്ചുയരാതെ പക്വതയോടെ സഭാനേതൃത്വം സ്വീകരിച്ച തീരുമാനമാണിത്.


സ്വപ്നസാക്ഷാത്കാരം: റവ .ഡോ. തോമസ് കല്ലുകളം സിഎംഐ (ധര്‍മാരാം സോണല്‍ കോ-ഓര്‍ഡിനേറ്റര്‍)

സീറോ മലബാര്‍ സഭ ബംഗളൂരു വിശ്വാസികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണ് ഇത്. ഇപ്പോഴത്തെ സാഹചര്യത്തിലെ ഏറ്റവും നല്ല തീരുമാനമാണ് സിനഡ് കൈക്കൊണ്ടത്. ബംഗളൂരുവിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് എന്തുകൊണ്ടും അനുയോജ്യനായ ഇടയനാണ് റവ.ഡോ. ആന്റണി കരിയില്‍. രൂപതയ്ക്ക് വിശ്വാസത്തിന്റെ ശക്തമായ അടിത്തറയിട്ട് മുന്നോട്ടുപോകാനും എല്ലാ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരുമായും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു മുന്നോട്ടുപോകാനും ഈ പുതിയ തീരുമാനം പ്രേരകമാകട്ടെ.


ദൈവാനുഗ്രഹത്തിന്റെ വൈദികരൂപം: റവ.ഡോ. തോമസ് ഐക്കര സിഎംഐ (ധര്‍മാരാം റെക്ടര്‍)

അഭിവന്ദ്യ ആന്റണി കരിയില്‍ പിതാവിന്റെ പുതിയ നിയമനം സീറോ മലബാര്‍ സഭയ്ക്ക് പൊതുവിലും, വിശാലമായ മാണ്ഡ്യ രൂപതയ്ക്ക് വിശേഷിച്ചും വലിയ ഒരു ദൈവനുഗ്രഹമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപതയും വിശ്വാസികളും വളരെയേറേ കാര്യങ്ങള്‍ നേടിയെടുക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അദ്ദേഹത്തെ എനിക്കു വ്യക്തിപരമായി 30ലേറെ വര്‍ഷം അടുത്തറിയാം.

നല്ല ഒരു സന്യാസി, അസാധാരണമായ കഴിവുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വളരെയേറെ അനുഭവജ്ഞാനമുള്ള ഒരു നല്ല ഭരണകര്‍ത്താവ്, എല്ലാറ്റിലുമുപരി ഒരു നല്ല വൈദികന്‍ എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും, പ്രത്യേകിച്ചു ബംഗളൂരുവിലെ സീറോ മലബാര്‍ കത്തോലിക്കര്‍ക്കും അതിരൂപതയ്ക്കും വലിയ ഒരു നിധിയായിരിക്കും അദ്ദേഹം.

ധര്‍മാരാം കോളജിന്റെയും ധര്‍മാരാമിന്റെ കീഴിലുള്ള ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെയും, ക്രൈസ്റ് യൂണിവേഴ്സിറ്റി, ക്രൈസ്റ്റ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്, വിവിധ ഇടവകകള്‍, എല്ലാവരുടെയും പേരില്‍ അഭിവന്ദ്യ പിതാവിന് പ്രത്യേകമായ സ്വാഗതവും അനുമോദനവും പ്രാര്‍ഥനാശംസകളും സ്വനേഹപൂര്‍വം നേരുന്നു.


സമൂഹത്തിന്റെ വികസനം സാധ്യമാകും: ഫാ. ജോര്‍ജ് പേട്ടയില്‍ സിഎംഎഫ് (മത്തിക്കരെ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍)

പുതിയ തീരുമാനം സന്തോഷപൂര്‍വം ഉള്‍ക്കൊള്ളുന്നു. ബംഗളൂരുവിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ ഏറെ ആഗ്രഹിച്ച കാര്യമാണിത്. സീറോ മലബാര്‍ സമൂഹത്തിന് സ്വന്തം രൂപതയുടെ കീഴില്‍ നേരിട്ട് അജപാലനശുശ്രൂഷയ്ക്കുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. രൂപതയുടെ ഭരണത്തിനു കീഴിലെത്തുന്നതതോടെ സമൂഹത്തിന്റെ വികസനത്തിനും സുഗമമായ നടത്തിപ്പിനും ഇതു സഹായമാകും.


സഭാപാരമ്പര്യം മുറുകെപ്പിടിച്ച് മുന്നോട്ട്: ഫാ. റോയി വട്ടക്കുന്നേല്‍ സിഎംഎഫ് (സുല്‍ത്താന്‍പാളയ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍)

ബംഗളൂരു സീറോ മലബാര്‍ സമൂഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു. മാണ്ഡ്യ രൂപതയുടെ കീഴിലാക്കുന്നതോടെ ബംഗളൂരുവിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അവരുടെ പാരമ്പര്യവും ആചാരങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ടുപോകാന്‍ കഴിയും.


പ്രവാസികള്‍ക്ക് അംഗീകാരം: കെ.പി. ചാക്കപ്പന്‍ (പാസ്ററല്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി)

പ്രവാസികളുടെ തീക്ഷ്ണത എക്കാലവും സ്വന്തം നാട്ടിലെ വിശ്വാസികളുടെ തീക്ഷ്ണതയില്‍ നിന്നും വളരെ മുന്നിലാണ്. ആത്മീയ അജപാലന കൌദാശിക ശുശ്രൂഷകള്‍ക്കുവേണ്ടിയുള്ള ദാഹം, സുലഭമല്ലാത്ത സംവിധാന ക്രമീകരണങ്ങള്‍ അതിലുപരി വ്യത്യസ്തമായ സംസ്കാര, സാമ്പത്തിക ജീവിത മേഖലകള്‍, നാടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമുള്ള ആകുലത, വിശ്വാസപാരമ്പര്യത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള ബാല്യകാലബോധ്യങ്ങള്‍ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളെ കേരളത്തിനു വെളിയിലുള്ള മിഷന്‍ കേന്ദ്രങ്ങളിലെ നിരന്തരമായി അലട്ടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇതാ നാട്ടിലേതുപോലെ ഒരു പുതിയ രൂപതയും പുതിയ മെത്രാനും സഭാ ആരാധനാക്രമങ്ങള്‍ക്കുള്ള അംഗീകാരവും ലഭിച്ചിരിക്കുന്നു. 'സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ ഇപ്പോള്‍ രക്ഷയുടെ ദിവസം...' (2 കോറി. 6:2).