അഭയാര്‍ഥിപ്രശ്നം: യൂറോപ്പിനു മെര്‍ക്കലിന്റെ മുന്നറിയിപ്പ്
Tuesday, September 1, 2015 8:02 AM IST
ബര്‍ലിന്‍: അഭയാര്‍ഥിപ്രശ്നം നേരിടാന്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ യൂറോപ്പിന്റെ പരാജയമായിരിക്കും ഫലമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

യൂറോപ്യന്‍ യൂണിയനിലെത്തുന്ന അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കു കൂട്ടുത്തരവാദിത്വം വേണം. അല്ലെങ്കില്‍ നമ്മളാഗ്രഹിച്ച യൂറോപ്പ് ആയിരിക്കില്ല ഭാവിയില്‍ ഉണ്ടാകുക- ഓസ്ട്രിന്‍ അതിര്‍ത്തിയില്‍ അഞ്ച് മനുഷ്യക്കടത്തുകാര്‍ അറസ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു മെര്‍ക്കലിന്റെ അഭിപ്രായപ്രകടനം.

യൂറോപ്യന്‍ യൂണിയന്റെ കിഴക്കന്‍ അതിര്‍ത്തികള്‍ വഴി വരുന്ന അഭയാര്‍ഥികളുടെ പ്രധാന ലക്ഷ്യം ജര്‍മനിയാണ്. ഈ വര്‍ഷം രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം എട്ടു ലക്ഷം കവിയുമെന്നാണു കണക്കാക്കുന്നത്.

ഇതിനിടെ, ജര്‍മന്‍മാധ്യമങ്ങളില്‍നിന്നും സെലിബ്രിറ്റികളില്‍നിന്നും അഭയാര്‍ഥികള്‍ക്കുള്ള പിന്തുണ വര്‍ധിച്ചു വരുകയാണ്. വിആര്‍ ഹെല്‍പ്പിംഗ് എന്ന പേരില്‍ നടത്തുന്ന കാമ്പയിനില്‍, അഭയാര്‍ഥികളെ പിന്തുണയ്ക്കുന്ന സെലിബ്രിറ്റികള്‍ക്കായി ചില പത്രങ്ങള്‍ മാറ്റിവച്ചത് ഏഴു പേജുകള്‍ വരെയാണ്. ഫുട്ബോള്‍ താരം ലൂക്കാസ് പൊഡോള്‍സ്കി, ഡെയിംലര്‍ മേധാവി ഡയറ്റര്‍ സെറ്റ്ഷെ, സംഗീതജ്ഞന്‍ ക്ളോസ് മീന്‍ തുടങ്ങിയവര്‍ ഇതിലൂടെ പിന്തുണ അറിയിക്കുകയും ചെയ്തു.

ഇതിനിടെ, പിന്തുണ കൂടിപ്പോയതിന്റെ പേരില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ജര്‍മനിക്കു സ്വീകരിക്കാവുന്ന അഭയാര്‍ഥികളുടെ എണ്ണത്തിനു പരിധിയൊന്നുമില്ലെന്ന ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് മേധാവി മാന്‍ഫ്രെഡ് ഷ്മിഡ്റ്റിന്റെ പ്രസ്താവനയാണു വിവാദമായിരിക്കുന്നത്.

അഭയാര്‍ഥി പ്രശ്നം: ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും അടിയന്തര യോഗം ചേരും

വര്‍ധിച്ചു വരുന്ന അഭയാര്‍ഥിപ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും ആഭ്യന്തര, നിയമ വകുപ്പു മന്ത്രിമാര്‍ അടിയന്തര യോഗം ചേരും. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുകയാണുലക്ഷ്യം.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം നടത്താനാണു തീരുമാനം. ഇതിലേക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളിലെ എല്ലാ ആഭ്യന്തര, നിയമകാര്യ മന്ത്രിമാരെയും ഉള്‍പ്പെടുത്താന്‍ യൂണിയനുമേല്‍ സമ്മര്‍ദവും തുടരുന്നു. ഈ മാസം പതിനാലിന് യോഗം ചേരാമെന്നു യൂണിയന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുമുണ്ട്.

ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍, ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേ, ഫ്രാന്‍സിന്റെ ബര്‍ണാഡ് കാസന്യൂവ് എന്നിവര്‍ ഗതാഗത സുരക്ഷ സംബന്ധിച്ച് പാരീസില്‍ നടന്ന യോഗത്തിനിടെ നടത്തിയ അനൌപചാരിക ചര്‍ച്ചയ്ക്കിടെയാണ് ഇങ്ങനെയൊരു ധാരണ ഉരുത്തിരിഞ്ഞത്.

ഫ്രാന്‍സിലുണ്ടായ ട്രെയിന്‍ ആക്രമണത്തിന്റെ വെളിച്ചത്തില്‍ റെയില്‍ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സ്റേഷനുകളില്‍ ഐഡി പരിശോധനയും ബാഗേജ് പരിശോധനയും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ട്രെയ്നുകള്‍ക്കുള്ളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കാസന്യൂവ് പറഞ്ഞു.

അഭയാര്‍ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 3.6 മില്യന്‍ കൂടി നല്‍കും

ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 3.6 മില്യന്‍ പൌണ്ട് കൂടി അനുവദിച്ചു. 1500 പേര്‍ക്കുള്ള സൌകര്യമൊരുക്കുന്നതിനാണ് ഈ തുക.

ഇതുപയോഗിച്ച് ഫ്രാന്‍സിലായിരിക്കും പുതിയ അഭയാര്‍ഥി ക്യാമ്പ് നിര്‍മിക്കുകയെന്നു യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സിനൊപ്പം കലൈസിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം.

ആവശ്യത്തിനു ടോയ്ലറ്റുകള്‍ സഹിതം 120 പുതിയ ടെന്റുകളാണു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍