ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസിനു ഹൈഡല്‍ബര്‍ഗ് മലയാളി സമൂഹം സ്വീകരണം നല്‍കി
Tuesday, September 1, 2015 7:54 AM IST
ഹൈഡല്‍ബര്‍ഗ്: ഹ്രസ്വസന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഹമ്മദ്ബാദ് രൂപത മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന് ഹൈഡല്‍ബര്‍ഗിലെ മലയാളിസമൂഹം സ്വീകരണം നല്‍കി.

ഓഗസ്റ് 30നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനു ഹൈഡല്‍ബര്‍ഗിലെ മാര്‍ക്കൂസ് ദേവാലയത്തില്‍ യൂലിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു ദേവാലയ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഹൈഡല്‍ബര്‍ഗിലെ മലയാളിസമൂഹം ഒന്നടങ്കം പങ്കെടുത്തു. തോമസ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഏബ്രഹാം വാണിയത്ത്, റോയി നാല്‍പ്പതാംകളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണത്തിന് നന്ദി പറഞ്ഞ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അറുത്തിയൊന്‍പതാം ജന്മദിനത്തിന് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നുകൊണ്ടാണു പ്രസംഗം അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ് 30 നായിരുന്നു ബാവായുടെ പിറന്നാള്‍. സമ്മേളനശേഷം കാപ്പിസല്‍ക്കാരവും നടന്നു. ജര്‍മനിയിലെ പഠനകാലത്ത് എല്ലാ മലയാളികളുമായി നല്ലസൌഹൃദം പുലര്‍ത്തിയിരുന്ന മെത്രാപ്പോലീത്തായുടെ സന്ദര്‍ശനം ഇവിടെയുള്ള സുഹൃത്തുക്കള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു.

1992 മാര്‍ച്ച് 14 നാണു മാര്‍ യൂലിയോസ് പൌരോഹിത്യം സ്വീകരിച്ചത്. 2010 മേയ് 12 ന് മെത്രാപ്പോലീത്തയായി. ജര്‍മനിയിലെ എര്‍ലാംഗന്‍ ഫ്രീഡ്രിഷ് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ മാര്‍ യൂലിയോസ് സംസ്കൃതം, ഹീബ്രു, ഗ്രീക്ക്, ലാറ്റിന്‍, ജര്‍മന്‍ എന്നീ ഭാഷകളില്‍ ഡിപ്ളോമയും നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍