കോര്‍ക്കില്‍ ഡബ്ള്യുഎംസിയുടെ സംയുക്ത ഓണാഘോഷം നടത്തി
Tuesday, September 1, 2015 6:03 AM IST
കോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്കും കോര്‍ക്ക് പ്രവാസി മലയാളിയും ശനിയാഴ്ച കോര്‍ക്കില്‍ മലയാളികളും മറ്റു ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരും ഐറിഷുകാരും സംയുക്തമായി തിരുവോണം ആഘോഷിച്ചു.

കൊട്ടും കുരവയും പുലികളിയും ചെണ്ടവാദ്യങ്ങളോടെ മലയാളികള്‍ ആഹ്ളാദപൂര്‍വമാണു തിരുവോണം ആഘോഷമാക്കി മാറ്റിയത്.

അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം ഓണത്തിന്റെ വേഷഭൂഷാദികളോടെ ചുവടുവച്ച മലയാളി മങ്കമാര്‍ മാവേലി തമ്പുരാനെ വരവേറ്റു. തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ഇവിടെ ജനിച്ചുവളര്‍ന്ന പുതുതലമുറയ്ക്കും നാട്ടില്‍നിന്നു പഠനത്തിനു എത്തിയ വിദ്യാര്‍ഥികള്‍ക്കു ഗൃഹാതുരുത്വമേകി.

വിവിധയിനം കായിക മത്സരങ്ങളോടെ രാവിലെ ഒമ്പതോടെ പരിപാടികള്‍ക്കു തുടക്കമായി. വാശിയേറിയ വടംവലി മത്സരം എല്ലാവരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉത്ഭവിച്ചതും മഹാവിഷ്ണു വാമനനായി മഹാബലിയെ പാതാളത്തില്‍ താഴ്ത്തുന്നതടക്കമുള്ള അവതരണം, വ്യത്യസ്തമായ കലാവിരുന്ന് ഏവരുടെയും പ്രശംസയും കൈയടിയും നേടി.

റിപ്പോര്‍ട്ട്: ഹാരി തോമസ്