ബാബു മുക്കാട്ടുകുന്നേല്‍ കര്‍ഷകശ്രീ, മാര്‍ട്ടിന്‍ ചീരന്‍കുന്നേല്‍ കര്‍ഷകമിത്ര
Tuesday, September 1, 2015 6:01 AM IST
വിയന്ന: ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച കാര്‍ഷിക അവാര്‍ഡുകള്‍ക്ക് ബാബു മുക്കാട്ടുകുന്നേലും മാര്‍ട്ടിന്‍ ചീരന്‍കുന്നേലും അര്‍ഹരായി.

തങ്ങളുടേതു മാത്രമായ കൃഷിരീതിയിലൂടെയാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്. അവസാന റൌണ്ടിലെത്തിയ പത്ത് കര്‍ഷകരില്‍നിന്നാണ് ബാബു മുക്കാട്ടുകുന്നേലും മാര്‍ട്ടിന്‍ ചീരന്‍കുന്നേലും മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് കമ്മിറ്റി നേരിട്ട് കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കൃഷി രീതി വിലയിരുത്തുകയും ചെയ്തു. ഇരുവരും ജൈവ കൃഷിരീതിയാണ് തങ്ങളുടെ കൃഷിയിടങ്ങളില്‍ പരീക്ഷിച്ചത്.

കര്‍ഷകശ്രീ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ബാബു മുക്കാട്ടുകുന്നേല്‍ പാവല്‍, പടവലം, പയര്‍ (കുരുത്തോല), ചീര, തക്കാളി, വെണ്ട, പച്ചമുളക്, വഴുതന (മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ളത്) ഗൂര്‍ഖന്‍, സുക്കിനി തുടങ്ങിയ പച്ചക്കറികളും റിബിസെല്‍, ആപ്പിള്‍, പേര, മുന്തിരി, സെച്കന്‍, ഹിംബേര്‍, റിബി സെല്‍ തുടങ്ങിയ യൂറോപ്യന്‍ പഴങ്ങളും കമ്പോസ്റ് വളം മാത്രം ഉപയോഗിച്ച് ബാബു വിളയിച്ചിരിക്കുന്നു.

എണ്‍പതുകളില്‍ ഓസ്ട്രിയയിലേക്കു കുടിയേറിയ ചങ്ങനാശേരി കുറുമ്പനാടം മുക്കാട്ടുകുന്നേല്‍ തോമസ് കറിയായുടെയും മറിയാമ്മയുടെയും മകനാണു ബാബു. ഭാര്യ പുതുക്കരി സ്വദേശി ഫോന്‍സാമ്മ. മക്കള്‍: ആല്‍ഫി, ടോണി, മാര്‍ഫി.

കര്‍ഷക മിത്ര അവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ ചീരംകുന്നേല്‍ തികച്ചും ജൈവവളം ഉപയോഗിച്ച് പടവലം, കോവല്‍, മത്ത, പാവല്‍, വെള്ളരി, ചീര തുടങ്ങിയ തന്റെ കൃഷി സ്ഥലത്ത് അദ്ദേഹം നൂറുമേനി വിളയിച്ചു. ജോലിസ്ഥലത്തും അദ്ദേഹം പലയിനം ഉഷ്ണമേഖലാ വിളകള്‍ സമൃദ്ധിയായി കൃഷിചെയ്തുവരുന്നു. മണ്ണിനോടുള്ള ബന്ധം മാര്‍ട്ടിനു തന്റെ പിതാവിനോടുള്ള ഗാഡമായ ബന്ധം പോലെ തന്നെ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ കൃഷിയെ തന്റെ ജീവവായുപോലെ കാണുന്നു.

തൊടുപുഴ മുതലക്കോടം ചീരംകുന്നേല്‍ വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും മകനാണു മാര്‍ട്ടിന്‍. ഭാര്യ പുളിങ്കുന്ന് സ്വദേശിയായ ആന്‍സി. മക്കള്‍: ജിസ, ടോണി.

കാര്‍ഷികരാജ്യമായ ഓസ്ട്രിയയില്‍ യൂറോപ്പിലെ ആദ്യത്തെ കാര്‍ഷിക അവാര്‍ഡിന് അര്‍ഹരായവരെ കണ്െടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്െടന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ജോജിമോന്‍ എറണാകേരില്‍, അവറാച്ചന്‍ കരിപ്പാക്കാട്ടില്‍, റോയി ഐക്കരേട്ട്, ജോര്‍ജ് ഐക്കരേട്ട്, തങ്കച്ചന്‍ പള്ളിക്കുന്നേല്‍ എന്നിവര്‍ പറഞ്ഞു. അടുത്ത മാസം വിയന്നയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍