അയര്‍ലന്‍ഡിലെ ആദ്യ 'ഇന്ത്യ ഡേ' സെപ്റ്റംബര്‍ അഞ്ചിന്
Tuesday, September 1, 2015 6:00 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യക്കാരുടെ സംഗമമായ 'ഇന്ത്യ ഡേ' ദിനാഘോഷം സെപ്റ്റംബര്‍ അഞ്ചിനു (ശനി) ഫീനിക്സ് പാര്‍ക്കിലെ ഫാംലെ ഹൌസില്‍ (എഅഞങഘഋകഏഒ ഒഛഡടഋ) നടക്കും. ഇന്ത്യന്‍ എംബസി നേതൃത്വമെടുത്ത് സ്വാതന്ത്യ്രദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യാക്കാരുടെ ഒത്തുചേരലായ 'ഇന്ത്യാ ഡേ' ആഘോഷം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യക്കാരെയും ഒന്നിച്ചുകൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യ-ഐറിഷ് സൌഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളെയും ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണു ഫാംലെ ഹൌസില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അയര്‍ലന്‍ഡിലെത്തി താമസിക്കുന്ന വിവിധ സാംസ്കാരിക ധാരകളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളും മുന്‍ നിശ്ചയപ്രകാരം നടക്കും.

ആദ്യമായാണ് അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യാക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത് എന്നതിനാല്‍ ഇന്ത്യാ ഡേ ആഘോഷ പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് അംബാസഡര്‍ അഭ്യര്‍ഥിച്ചു. പ്രവേശനം സൌജന്യമാണ്.

ഇന്ത്യാ ഡേ പരിപാടികളുടെ നടത്തിപ്പിനായി മുമ്പ് രൂപീകരിച്ച ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഇന്‍ അയര്‍ലന്‍ഡ്) തന്നെയാണു കൂടുതല്‍ ഇന്ത്യന്‍ കമ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. രാജസ്ഥാന്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള ബാബുലാല്‍ യാദവ് കണ്‍വീനറായി രൂപവത്കരിച്ച പുതിയ സമിതി ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്.

ഡബ്ളിന്‍ സിറ്റി കൌണ്‍സില്‍, ഗാര്‍ഡ, പബ്ളിക് വര്‍ക്സ് വകുപ്പ്, ഫീനിക്സ് പാര്‍ക്ക് അധികൃതര്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണ നേടികഴിഞ്ഞുവെന്നു ഫിക്കി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ ചാക്കോ