ബൊമ്മനഹള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍
Tuesday, September 1, 2015 5:54 AM IST
ബംഗളൂരു: ബൊമ്മനഹള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ഇടവകദിനവും സെപ്റ്റംബര്‍ നാലു മുതല്‍ 14 വരെ ആഘോഷിക്കും. സെപ്റ്റംബര്‍ നാല് വെള്ളിയാഴ്ച വൈകുന്നേരം ആറിന് വികാരി ഫാ. ആന്റണി പയ്യപ്പിള്ളി സിഎംഐയുടെ കാര്‍മികത്വത്തില്‍ തിരുനാളിനു കൊടിയേറും. തുടര്‍ന്ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പാറയില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.

സെപ്റ്റംബര്‍ ആറ് ഞായറാഴ്ച ഇടവകയിലെ 12 കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ 12ന് വൈകുന്നേരം അഞ്ചിന് ഫാ. വിപിന്‍ കുരിശുതറ സിഎംഐ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ അധ്യക്ഷത വഹിക്കും.

സതീഷ് റെഡ്ഡി എംഎല്‍എ മുഖ്യാതിഥിയും ബിബിഎംപി കോര്‍പറേറ്റര്‍ ഗുരുമൂര്‍ത്തി റെഡ്ഡി വിശിഷ്ടാതിഥിയുമായിരിക്കും. പ്രധാന തിരുനാള്‍ ദിവസമായ 13 ന് രാവിലെ 8.45 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആന്റോ അമര്‍നാഥ് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. തോമസ് ഇരുമ്പുകുത്തിയില്‍ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. തുടര്‍ന്ന് ശിങ്കാരി മേളവും നേര്‍ച്ചവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.

സെപ്റ്റംബര്‍ 14 ന് വൈകുന്നേരം 6.30ന് ഇടവകയിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലിക്ക് ഫാ. ജോസ് പാനാമ്പുഴ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിലും തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ആന്റണി പയ്യപ്പിള്ളി സിഎംഐ, സഹവികാരി ഫാ. ജോസ് പാനാമ്പുഴ സിഎംഐ എന്നിവര്‍ അറിയിച്ചു.