സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാളാഘോഷം
Tuesday, September 1, 2015 5:01 AM IST
ഷിക്കാഗോ: ആഗോള കത്തോലിക്കാ സഭയുടെ വണക്കത്തിനു യോഗ്യയാക്കി ഉയര്‍ത്തപ്പെട്ട, കേരള സഭയുടെ അഭിമാനമായ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാള്‍ ഓഗസ്റ് 30-ന് ഷിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ ഭക്തിപുരസരം ആഘോഷിച്ചു.

ഫി. ജിമ്മി പൂച്ചക്കാട്ടില്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവര്‍ക്കും തിരുനാളാശംസകള്‍ നേര്‍ന്നു. സഹനത്തിന്റേയും സ്നേഹത്തിന്റേയും ഉത്തമ മാതൃകയായിരുന്ന ഈ പുണ്യവതിയുടെ ജീവിതമാതൃക മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ പിന്തുടരുവാനുള്ള കൃപ ഏവര്‍ക്കും ലഭിക്കട്ടെ എന്നു തിരുനാള്‍ സന്ദേശത്തില്‍ ഫാ. പൂച്ചക്കാട്ടില്‍ ആശംസിച്ചു.

സുവിശേഷാനുസൃതമായി ജീവിച്ച് നന്മമരണം പ്രാപിക്കാനുള്ള പ്രാര്‍ഥനയാവണം ഏവരെയും നയിക്കേണ്ടതെന്ന് അച്ചന്‍ ഉദ്ബോധിപ്പിച്ചു. മിശിഹായുടെ രണ്ടാം ആഗമനം എന്ന വിശ്വാസത്തില്‍ അധിഷ്ഠിതമായ സഭയുടെ പ്രബോധനങ്ങള്‍ ആഴത്തില്‍ അറിയുകവഴി കുരിശിന്റെ അര്‍ഥം മനസിലാക്കാന്‍ ഏവര്‍ക്കും കഴിയുമെന്നും അച്ചന്‍ പറയുകയുണ്ടായി.

ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ഏറ്റെടുത്ത് നടത്തിയ തിരുനാളിനുശേഷം സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം