ജര്‍മനിക്ക് കുടിയേറ്റം ആവശ്യമെന്ന് മുന്‍ ചാന്‍സലര്‍
Monday, August 31, 2015 8:23 AM IST
ബര്‍ലിന്‍: ജര്‍മനിക്ക് കുടിയേറ്റം ആവശ്യമാണെന്ന കാര്യം മറക്കേണ്ടന്ന് മുന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രൊയ്ഡര്‍ ഓര്‍മിപ്പിച്ചു. ജര്‍മനിയിലെ സാമൂഹ്യവ്യവസ്ഥക്ക് വഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍ ഫണ്ടും സമ്പദ്ഘടനയും കുടിയേറ്റത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും ഷ്രൊയ്ഡര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശ കുടിയേറ്റത്തെ സംബന്ധിക്കുന്ന അജന്‍ഡ 2020 എന്ന പേരില്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്തു സംസാരിക്കവേയാണ് ഷ്രൊയ്ഡര്‍ മനസുതുറന്നത്.

ഷ്രൊയ്ഡറുടെ നിര്‍ദ്ദേശങ്ങള്‍ ജര്‍മന്‍ ജനത പരക്കെ സ്വാഗതം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദേശ കുടിയേറ്റ നിയമങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകളെ ജര്‍മനിയിലേക്ക് സ്വീകരിച്ച് കുടിയേറ്റം ശക്തിപ്പെടുത്തണമെന്നുമാണ് അജന്‍ഡ 2020 ല്‍ പ്രത്യേകം നിര്‍ദേശിക്കുന്നത്.

ജര്‍മനിയിലെ ജനസംഖ്യ ചുരുങ്ങുകയാണെന്ന സത്യം രാജ്യത്തെ ജനങ്ങള്‍ മനസിലാക്കണമെന്നും ഷ്രൊയ്ഡര്‍ പറഞ്ഞു.

യൂറോപ്പിലെ അഭയാര്‍ഥിപ്രശ്നത്തില്‍ ശക്തമായി പ്രതികരിച്ച ഷൊയ്ഡര്‍ കാലികമായി വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മനി കൈക്കൊള്ളുന്നതുപോലെയുള്ള പോസിറ്റീവ് ചിന്താഗതി യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍