ഡോ. സ്കറിയ സഖറിയ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍
Monday, August 31, 2015 8:22 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയില്‍ ഡോ. ഹെര്‍മ്മാന്‍ ഗുണ്ടര്‍ട്ട് ചെയറായി ഡോ. സ്കറിയ സഖറിയ നിയമിതനായി. കേന്ദ്ര സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെയാണ് നിയമിച്ചിരിക്കുന്നത്. മൂന്നുവര്‍ഷമാണ് കാലാവധി.

ഇതു സംബന്ധിച്ച് ട്യൂബിംഗന്‍ സര്‍വകലാശാലയും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

ഇന്ത്യയ്ക്കു പുറത്ത് ഒരു ഇന്ത്യന്‍ സര്‍വകലാശാല സ്ഥാപിക്കുന്ന ആദ്യത്തെ ചെയറാണ് ട്യൂബിംഗനില്‍ സ്ഥാപിച്ചിരിക്കുന്നത്. ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജില്‍ മലയാളം പ്രഫസറായും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം മേധാവി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ഡോ. ഗുണ്ടര്‍ട്ടിന്റെ മുഴുവന്‍ രചനകളും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ വ്യക്തിയാണ് ഡോ. സഖറിയ. ഡോ.ഗുണ്ടര്‍ട്ടിന്റെ സമഗ്ര രചനകളും പഠനങ്ങളും ഉള്‍പ്പെടുത്തിയ ഡോ. സഖറിയ എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം.

മലയാളം സര്‍വകലാശാലയാണ് പുസ്തകം പുറത്തിറക്കുന്നത്. ഡോ. ഗുണ്ടര്‍ട്ടിന്റെ രചനകളെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിനാണ് ഡോ. സഖറിയ ഡോക്ടറേറ്റ് നേടിയത്. 2014 ല്‍ സ്റുട്ട്ഗാര്‍ട്ടില്‍ നടന്ന ഡോ. ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം ജന്മദിനഘോഷത്തില്‍ പങ്കെടുക്കാന്‍ ഡോ. സഖറിയ എത്തിയിരുന്നു.

ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റിയില്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനു നടക്കുന്ന ചടങ്ങിലാണ് ഗുണ്ടര്‍ട്ട് ചെയറിന്റെ ഉദ്ഘാടനം നടക്കുന്നത്. ചെയറിന്റെ മേല്‍നോട്ടത്തിലാണ് മലയാളം പഠിപ്പിച്ചു തുടങ്ങുന്നത്. ഇതിനായി തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അധ്യാപകരെ ഗസ്റ് ലക്ചറര്‍മാരായി അയയ്ക്കും.

ഇന്ത്യന്‍ സര്‍ക്കാരും യുജിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഡോളജി വകുപ്പിനു കീഴിലാണ് മലയാളം ഭാഷാ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ രൂപീകരിച്ചിരുന്നു. ഇതനുസരിച്ച് മലയാളം ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറും ട്യൂബിംഗന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ബേണ്‍ഡും തമ്മില്‍ ധാരണാപത്രം കൈമാറിയിരുന്നു.

മലയാളം ഭാഷയുടെയും വളര്‍ച്ചയില്‍ ഗണ്യമായ സംഭാവനകള്‍ ചെയ്ത ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുന്നത് ട്യൂബിംഗനിലായിരുന്നു.

ജര്‍മനിയിലെ ഏറ്റവും പഴയതും പേരുകേട്ടതുമായ സര്‍വകലാശാലകളില്‍ ഒന്നാണ് 1477 ല്‍ സ്ഥാപിതമായ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റി. ഒരു ഇന്ത്യന്‍ സര്‍വകലാശാല വിദേശ സര്‍വകലാശാലയുമായി ചേര്‍ന്ന് മലയാളം ചെയര്‍ തുടങ്ങുന്നത് ഇതാദ്യമാണ്. കൊളോണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജി വകുപ്പും ബോണ്‍ യൂണിവേഴ്സിറ്റിയില്‍ മലയാളം വകുപ്പുമുണ്ട്.

മലയാള ഭാഷയെ കേന്ദ്രസര്‍ക്കാര്‍ ക്ളാസിക് ഭാഷയായി അംഗീകരിച്ചതിന്റെ ചരിത്രവും ഇനി ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഇടംപിടിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍