പാരീസ് മലയാളികള്‍ തിരുവോണം ആഘോഷിച്ചു
Monday, August 31, 2015 8:22 AM IST
പാരീസ്: പാരീസില്‍ മലയാളികള്‍ തിരുവോണം ആഘോഷിച്ചു. മറുനാട്ടില്‍ ഓണം ആഘോഷിക്കുമ്പോള്‍ കൊട്ടും കുരവയും ഊഞ്ഞാല്‍ പാട്ടിന്റെ ഈരടികളും പുലികളിയും തുമ്പിതുള്ളലും ഒന്നുമില്ലെങ്കിലും നെപ്പോളിയന്റെ നാടായ പാരീസിലെ മലയാളികള്‍ ആഹ്ളാദപൂര്‍വമാണ് തിരുവോണം ആഘോഷമാക്കി മാറ്റിയത്.

അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം ഓണത്തിന്റെ വേഷഭൂഷാധികളോടെ ചുവടുവച്ച മലയാളി മങ്കമാര്‍ മാവേലി തമ്പുരാനെ വരവേറ്റു. തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ പാരീസില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറയ്ക്കും മറക്കാനാവാത്ത പുതിയൊരനുഭവമായി മാറി.

മനസില്‍ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണം പൂക്കളം തീര്‍ത്തും ഒന്നിച്ചിരുന്നു സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നതുവരെ മനസില്‍ സൂക്ഷിക്കാനുള്ള നനുത്ത ഓര്‍മകളുമായാണ് പങ്കെടുത്തവര്‍ പിരിഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍