'ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍, മികച്ച രാഷ്ട്ര നിര്‍മാണത്തിനുള്ള വഴിവിളക്ക്'
Monday, August 31, 2015 8:20 AM IST
ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍, മികച്ച രാഷ്ട്ര നിര്‍മാണത്തിനുള്ള വഴിവിളക്കുകളായി എന്നും നിലനില്‍ക്കുമെന്ന് ഗിവഗിരി മഠം അധ്യാത്മികാചാര്യന്‍ സ്വാമി ധര്‍മ ചൈതന്യ ഡല്‍ഹി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന 161-ാമത് ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

രാജ്യ തലസ്ഥാനത്ത് ഉയര്‍ന്നുവന്നിട്ടുള്ള ക്ഷേത്രം വടക്കേ ഇന്ത്യയിലെ ജാതിമതങ്ങളുടെ പേരില്‍ നടക്കുന്ന കലഹങ്ങളെ ഇല്ലായ്മ ചെയ്തു ശുദ്ധീകരിക്കുന്ന ഉത്തര ശിവഗിരിയായി മാറുമെന്നും സ്വാമി പറഞ്ഞു.

യൂണിയന്റെ കീഴിലുള്ള 26 ശാഖകളില്‍നിന്നും എന്‍സിആറില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നൂറുകണക്കിന് അലങ്കരിച്ച വാഹനത്തില്‍ രോഹിണി ശാബാദ് ഡയറിയില്‍ എത്തിച്ചേര്‍ന്ന്, അവിടെനിന്നും അലങ്കരിച്ച രഥത്തില്‍ ഗുരുദേവ ചിത്രം വഹിച്ചുകൊണ്ട് പ്രഹ്ളാദ്പൂരില്‍നിന്നും കാല്‍നട ഘോഷയാത്ര നടത്തി.

ഗുരു ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെയും എന്‍സിആറിലെയും വിവിധ പ്രദേശങ്ങളിലെ 29 വിധവകള്‍ക്ക് ധനസഹായം നല്‍കി. കേരള സ്കൂള്‍ ക്യാനിംഗ് റോഡിലെ 5 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്രീനിവാസ പുരിയിലെ നഴ്സിംഗ് ക്വാര്‍ട്ടേഴ്സിലെ നഴ്സുമാരെ ആദരിച്ചു. ഏറ്റവും നല്ല വാഹനഘോഷയാത്രയ്ക്കും പദഘോഷയാത്രയ്ക്കുമുള്ള ഷീല്‍ഡ് ഉത്തംനഗര്‍ ശാഖ കരസ്ഥമാക്കി. ഉച്ചയ്ക്കു ഗുപതാ കോളനിയിലെ അയ്യായിരം നിര്‍ധനരായവര്‍ക്കും അന്നദാനം നടത്തി. യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, സെക്രട്ടറി കല്ലറ മനോജ്, യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍, കണ്‍വീനര്‍ രാജപുത്രന്‍, കെ.ജി. സുനില്‍, എസ്. സതീശന്‍, കെ.പി. പ്രകാശന്‍, എസ്. ശശിധരന്‍, പി. രതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, കെ.എസ്. കുഞ്ഞുമോന്‍, എ.കെ. തോമസ്, സ്വാമി നാരായണ ഋഷി എന്നിവര്‍ പ്രസംഗിച്ചു.