ജര്‍മനിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍
Monday, August 31, 2015 6:27 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു.

1. സെപ്റ്റംബര്‍ ഒന്നു മുതല്‍ ജര്‍മന്‍ എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധനകള്‍ പുതിയ യൂറോപ്യന്‍ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമാകും. വ്യക്തികളുടെ ദേശ പരിശോധനയും ഹാന്‍ഡ് ബാഗേജുകളും ശക്തമായ പരിശോധനക്കു പുറമേ, സ്ഫോടകവസ്തുക്കളുടെ പ്രത്യേക പരിശോധനയും നടത്തും. യൂറോപ്പില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളും സ്പോടനങ്ങളും ഉണ്ടായ സാഹചര്യത്തിലാണു വര്‍ധിച്ച യൂറോപ്യന്‍ എയര്‍പോര്‍ട്ട് സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത്.

2. ജര്‍മന്‍ ലുഫ്ത്താന്‍സ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ബുക്കു ചെയ്ത് വാങ്ങുന്നവര്‍ ടിക്കറ്റുകള്‍ക്ക് 16 യൂറോ ഗ്ളോബല്‍ റിസര്‍വേഷന്‍ ഫീസ് നല്‍കണം. ലുഫ്ത്താന്‍സ ടിക്കറ്റ് ബുക്കിംഗിനു സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗ്ളോബല്‍ റിസര്‍വേഷന്‍ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.

3. സെപ്റ്റംബര്‍ ഒന്നു മുതല്‍ ജര്‍മനിയിലെ കിന്‍ഡര്‍ ഗെല്‍ഡ് (കുട്ടികള്‍ക്കുള്ള ലഭിക്കുന്ന പ്രതിമാസ സഹായം) ഒന്നാമത്തെയും രണ്ടാമത്തെയും കുട്ടിക്ക് 184 യൂറോ 188 യൂറോ ആയി വര്‍ധിപ്പിക്കുന്നു. മൂന്നാത്തെ കുട്ടി മുതല്‍ മാസം 215 യൂറോ 219 ആയി വര്‍ധിക്കും.

4. പുതിയതായി ഇറക്കുന്ന പെട്രോള്‍, ഡീസല്‍ കാറുകളുടെ എഡിഷന്‍ സ്റാന്‍ഡേര്‍ഡ് സെപ്റ്റംബര്‍ ഒന്നു മുതല്‍ യൂറോ 6 ആക്കുന്നു. ഈ എഡിഷന്‍ സ്റാന്‍ഡേര്‍ഡില്‍ കുറവുള്ള കാറുകള്‍ക്കു വര്‍ധിച്ച വാര്‍ഷിക നികുതി (ക്രാഫ്റ്റ്ഫാര്‍സോയ്ഗ് സ്റ്റോയര്‍) നല്‍കണം.

5. സെപ്റ്റംബര്‍ ഒന്നു മുതല്‍ വീടുകളിലെയും ഓഫീസുകളിലെയും മറ്റു കെട്ടിടങ്ങളിലെയും ഹീറ്റിംഗ്, ചൂടുവെള്ള ഉപകരണങ്ങളുടെ കാര്യക്ഷമത മിനിമം 'എ ++' മുതല്‍ 'ജി' വരെ ആയിരിക്കണം. ഇതില്‍ കുറവുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ല. ഹീറ്റിംഗ്, ചൂടുവെള്ള ഉപകരണങ്ങള്‍ക്ക് ഈ സ്റാന്‍ഡേര്‍ഡ് ഇല്ലാത്തവര്‍ അവയുടെ പ്രവര്‍ത്തനം മതിയാക്കി പുതിയവ മാറ്റി വയ്ക്കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍