മിത്രാസ് ഫെസ്റിവല്‍ -ഒരാസ്വാദനം
Monday, August 31, 2015 6:19 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ കീന്‍ യൂണിവേഴ്സിറ്റിയുടെ വില്‍കിന്‍സ് തിയേറ്റര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ മിത്രാസ് രാജന്റെയും മിത്രാസ് ഷിറാസിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ മിത്രാസ് ഫെസ്റിവല്‍ വെളിച്ച -ശബ്ദ ദൃശ്യവിന്യാസങ്ങളുടെ സമ്മിശ്രപ്രഭാപൂരങ്ങള്‍ക്കാണു വേദിയായത്. നിരവധി വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാവുമെങ്കിലും സൂര്യാകൃഷ്ണമൂര്‍ത്തിയുടെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വ്യക്തിപ്രഭാവങ്ങള്‍ അമേരിക്കയിലും ഉണ്ട് എന്ന് വെളിവാക്കുന്നതായി മിത്രാസ് ഫെസ്റിവല്‍ 2015. കലാമൂല്യമുള്ള ഒരു പെര്‍ഫക്ട് എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമിനായുള്ള കുതിച്ചു ചാടലില്‍ ഗാനങ്ങള്‍ക്ക് അതര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നതൊഴിച്ചാല്‍ പൊതുവെ ആസ്വാദകഹൃദയങ്ങളെ പിടിച്ചിരുത്താന്‍ പ്രാപ്തമായി എന്ന് കരുതുന്നതിലും തെറ്റില്ല.

അമേരിക്കയില്‍ പൊതുവെ കണ്ടുവരുന്ന സ്റേജ് ഷോകളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മിത്രാസ് ഫെസ്റിവല്‍. ഫ്രാങ്കോ, മന്യ, അക്കരക്കാഴ്ചകള്‍ ഫെയിം താരങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേരെ ഒരു വേദിയില്‍ സമ്മേളിപ്പിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്നവരും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരുമായവരെ വേദിയില്‍ എത്തിച്ചതും നന്നായെന്നേ പറയാനാവൂ. യുവജനങ്ങള്‍ക്കുവേണ്ട പ്രോത്സാഹനം നല്കിയെന്നതും സ്വാഗതാര്‍ഹം തന്നെ. പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഒരു താരനിശ സ്റൈലിലെന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ വൈഭവം പ്രകടിപ്പിച്ചതും ഗംഭീരമായി. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടവരുടെയും നാടകത്തില്‍ അഭിനയിച്ച പ്രമുഖരുടെയും വേഷപകര്‍ച്ചകള്‍ കൌതുകമുണര്‍ത്തുന്നതായിരുന്നു. പ്രഫഷണല്‍ ഗായകരുടെ ആലാപന ശൈലി ഹൃദ്യമായെങ്കിലും അമച്വര്‍ രംഗത്തുള്ളവരുടേത് എങ്ങനെയുണ്ടായിരുന്നുവെന്നത് ശ്രോതാക്കളുടെ അഭിപ്രായത്തിന് വിടുകയാണ്. ലൈറ്റിംഗിനും ബാക്ഡ്രോപ് സെറ്റിംഗിനും വ്യതിരക്തതയുണ്ടായിരുന്നുവെങ്കിലും ഉയര്‍ന്ന നിലവാരം പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കിയോ എന്ന സംശയം അവശേഷിക്കുന്നു.

അമേരിക്കയില്‍ വിവിധ രംഗങ്ങളില്‍ പ്രശോഭിക്കുന്നവരെ ആദരിക്കാനുള്ള സന്മനസ് കാട്ടിയതില്‍ മിത്രാസ് ടീം അഭിനന്ദനം അര്‍ഹിക്കുന്നു. ഡാന്‍സ് രംഗത്തുനിന്നും വിദ്യാ സുബ്രഹ്മണ്യം, ദൃശ്യമാധ്യമരംഗത്തുനിന്നുള്ള സജിനി സഖറിയ, ജോസ്കുട്ടി വലിയകല്ലുങ്കല്‍, അജയന്‍ വേണുഗോപാല്‍ എല്ലാവരുടെയും സുഹൃത്തും മികച്ച കലാസ്വാദകനുമായ ദിലീപ് വര്‍ഗീസ്, നാടകാചാര്യന്‍ 18 വയസില്‍ തുടങ്ങി 84 വയസ് വരെ കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പി.ടി. ചാക്കോ എന്നിവരെ കണ്ടുപിടിച്ച് ആദരിച്ചത് സ്വാഗതാര്‍ഹം തന്നെ.

ഫ്രാങ്കോ എന്ന ഗായകന്റെ വിനയവും ശുദ്ധഹൃദയവും മിത്രാസിന് മിത്രതുല്യമായി എന്ന് കരുതുന്നതില്‍ ഒരു തെറ്റുമില്ല. മലയാള സിനിമാരംഗത്തെ മറ്റൊരു ഗായകനും അവകാശപ്പെടാന്‍ കഴിയാത്ത വിനയാന്വിതയും ഭൂമിയോളം താഴ്ന്ന വിശാലമനസ്കതയും മിത്രാസിനു തുണയായി. അമച്വര്‍ ഗായകര്‍ക്കൊപ്പം യാതൊരു വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ചുറ്റും നടമാടിയ എല്ലാ ന്യൂനതകള്‍ക്കൊപ്പം ഫ്രാങ്കോ പ്രസന്നവദനനായി പങ്കെടുത്തു എന്നതു മാത്രം മതി അദ്ദേഹത്തിന്റെ ഹൃദയവിശാലത വെളിവാകുവാന്‍.

മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ കലാകാരികള്‍, സാരഥി ബിന്ദ്യാ പ്രസാദിനൊപ്പം ആടിത്തിമിര്‍ത്തു. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ മെറീന നൃത്തം ചെയ്തു. ശാലിനി രാജേന്ദ്രന്‍, സുമ നായര്‍ എന്നിവരുടെ ഗാനാലാപനങ്ങള്‍ ഹൃദ്യമായി.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍