വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Monday, August 31, 2015 6:16 AM IST
ഗ്രീന്‍ബര്‍ഗ് (ന്യൂയോര്‍ക്ക്): നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം ആഘോഷിച്ചു.

സിറ്റാര്‍ പാലസ്, ഷെര്‍ലീസ്, സ്പൈസസ് വില്ലേജ് എന്നീ മൂന്നു റസ്ററന്റുകള്‍ ഒരുക്കിയ ഓണസദ്യയും തുടര്‍ന്ന് സുദീര്‍ഘ സമ്മേളനം ഒഴിവാക്കി അരങ്ങേറിയ കലാവിരുന്നും ഇത്തവണത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

കൊച്ചുകുട്ടികളും മുതിര്‍ന്നവരും കേരളീയ വസ്ത്രങ്ങളണിഞ്ഞ് വുഡ്ലാന്‍ഡ്സ് ഹൈസ്കൂളില്‍ അണിനിരന്നപ്പോള്‍ ആഘോഷവേദി കേരളത്തിന്റെ തനിപകര്‍പ്പായി. കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന സ്കൂളും പരിസരവും കേരളത്തിലെ വര്‍ണങ്ങളില്‍ മുങ്ങി.

വിഭവസമൃദ്ധമായ ഓണസദ്യ കഴിഞ്ഞതോടെ മഹബലി തമ്പുരാന്റെ എഴുന്നള്ളത്തായി. രാജ് തോമസ് മൂന്നാംവര്‍ഷവും മഹാബലിയായി ഘോഷയാത്ര നയിച്ചപ്പോള്‍ താലപ്പൊലിയും അലക്സ് മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും അസോസിയേഷന്‍ ഭാരവാഹികളും അകമ്പടി സേവിച്ചു.

അലക്സ് മുണ്ടയ്ക്കലും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ താളത്തില്‍ ഗോള്‍ഡന്‍ ഫ്ളീറ്റ് ഡാന്‍സ് ഗ്രൂപ്പ് നൃത്തം അവതരിപ്പിച്ചുകൊണ്ട് കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു. അലക്സിനൊപ്പം മോട്ടി ജോര്‍ജ്, ജെഫി തോമസ്, സുരേഷ് മുണ്ടയ്ക്കല്‍, ഡേവിഡ് സാമുവല്‍, രാജേഷ് മണലില്‍, ടോം മുണ്ടയ്ക്കല്‍, ഷോണ്‍ തൈച്ചേരില്‍, റിനോയി തോമസ്, അലക്സ് ജോസഫ് എന്നിവരും നൃത്തം അവതരിപ്പിച്ചത് കൈതലിന്‍ മുണ്ടയ്ക്കല്‍, ധന്യ മുണ്ടയ്ക്കല്‍, മിനു മുണ്ടയ്ക്കല്‍, ഹന്ന മുണ്ടയ്ക്കല്‍, ജെനി മുണ്ടയ്ക്കല്‍, ജാക്കി, ടിഫനി വേമ്പേനി എന്നിവരുമാണ്.

അസോസിയേഷന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഓണം ആഘോഷിക്കുന്നത് ചൂണ്ടിക്കാട്ടി.

ഓണസന്ദേശം നല്‍കിയ ജാസി ഗിഫ്റ്റ് ഏതാനും നിമിഷങ്ങളില്‍ അതു ചുരുക്കുകയും ഓണദിനത്തില്‍ കാണുന്ന കൂട്ടായ്മയും സൌഹൃദവും ഐശ്വര്യവും വരുംദിനങ്ങളിലും തുടരട്ടെ എന്ന് ആശംസിച്ചു.

കേരളത്തില്‍നിന്നെത്തിയ എന്‍ജിഒ നേതാവ് എം.എ. ജോണ്‍സണ്‍, സംഘടന അഡ്വൈസറി ബോര്‍ഡ് ചെയര്‍ ജെ. മാത്യൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേന്ദ്ര സംഘടനകളിലെ ഭിന്നിപ്പ് ബാധിക്കാത്ത അസോസിയേഷന്റെ ഓണാഘോഷത്തില്‍ ഫൊക്കാന ഫോമ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളി, വനിത നേതാവ് ലീല മാരേട്ട്, പ്രീത നമ്പ്യാര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി ഇട്ടന്‍, ഫോമ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റുകൂടിയായ തോമസ് കോശി, റോക്ലാന്‍ഡ് കൌണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഓണാഘോഷത്തിന്റെ കണ്‍വീനര്‍കൂടിയായ ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ അടുത്തവര്‍ഷം ടൊറോന്റോയില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. തിരുവനന്തപുരത്ത് റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഫോമ മുറി നിര്‍മിക്കുന്നത് ജോഫ്രിന്‍ ജോസ് ചൂണ്ടിക്കാട്ടി. സംരംഭത്തില്‍ എല്ലാവരുടേയും സഹായ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.

അസോസിയേഷന്റെ സുവനീര്‍ ഡോ. എ.കെ.ബി പിള്ളയ്ക്ക് കോപ്പി നല്‍കി ജാസി ഗിഫ്റ്റ് പ്രകാശനം ചെയ്തു. ഗണേഷ് നായര്‍ ചീഫ് എഡിറ്ററായും കെ.ജെ. ഗ്രിഗറി, ജോയി ഇട്ടന്‍, കെ.ജി. ജനാര്‍ദ്ദനന്‍, രാജന്‍ ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ്, ലിജോ ജോണ്‍ എന്നിവര്‍ അടങ്ങിയ പത്രാധിപസമിതിയുമാണ് സുവനീര്‍ തയാറാക്കിയത്. അസോസിയേഷന്റെ ഓണ്‍ലൈന്‍ പത്രം ജോസ് കാടാപ്പുറം, രാജു പള്ളത്ത്, ജോര്‍ജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച്ഓണ്‍ ചെയ്തു.

അസോസിയേഷന്റെ സ്കോളര്‍ഷിപ്പ് ബ്രൂക്ക്ലിന്‍ കോളജ് വാലിഡിക്ടോറിയനായ ജോഷ്വാ വര്‍ഗീസ് കുര്യന് സമ്മാനിച്ചു.

കലാപരിപാടികള്‍ക്ക് എംസിയായി പ്രവര്‍ത്തിച്ചതു ഷൈനി ഷാജനാണ്. ഷൈനി ഷാജന്‍, ലൈസി അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരകളി, മയൂര ആര്‍ട്സിന്റെ നൃത്തം, കാര്‍ത്തിക ഷാജിക്കൊപ്പം ജാസി ഗിഫ്റ്റിന്റെ ഗാനമേള എന്നിവയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം