'തിന്മകള്‍ക്കെതിരെ ജാഗരൂകരാവുക'
Monday, August 31, 2015 6:13 AM IST
ജിദ്ദ: സമകാലിക ലോകത്ത് യുവസമൂഹം സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗരൂകരാവണമെന്നും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സമസ്ത കേരള സുന്നീ യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന ഉപാധ്യക്ഷനും എസ്വൈഎസ് ഹജ്ജ് ചീഫ് അമീറുമായ കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമി.

ഭക്ഷണത്തിലും വെള്ളത്തിലും മരുന്നിലും വരെ മായം ചേര്‍ക്കലും സാമ്പത്തിക ചൂഷണത്തിലൂടെ അരാചകത്വം വ്യാപൃതമാവുകയും ചെയ്യുന്ന കേരള സാഹചര്യം വളരെ പരിതാപകരമാണ്. കാന്‍സറും അള്‍സറും ഹൃദയാഘാതവും അധികരിക്കുകയും അവശതയനുഭവിക്കുന്നവരെ അവഗണിക്കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷം നാശത്തിലേക്ക് അധഃപതിക്കും. ധാര്‍മികതയിലധിഷ്ടിതമായ വിദ്യാഭ്യാസം നല്‍കുകയും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം നല്‍കാനും പുതിയ തലമുറയെ വളര്‍ത്തി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ആര്‍സിസിക്കു സമീപം ഐസിഎഫ് മിഡില്‍ ഈസ്റ് സഹകരണത്തോടെ തറക്കല്ലിടല്‍ എസ്വൈഎസ് സാന്ത്വനം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടു ഷറഫിയ മര്‍ഹബയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകള്‍ തോറും സാന്ത്വനം ക്ളബുകള്‍ സ്ഥാപിച്ച് സംസ്ഥാനവ്യാപകമായി എസ്വൈഎസ് നടത്തി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. അനാവശ്യ വിവാദങ്ങള്‍ക്ക് പിറകേ പോകാതെ പൊതുസമൂഹത്തിനു ഗുണകരമായ കാര്യങ്ങളില്‍ മുഴുകി ജീവിതം ധന്യമാക്കാന്‍ മുന്നിട്ടിറങ്ങണമെന്നു സുന്നി പ്രവര്‍ത്തകരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മുസ്തഫ സഅദി ക്ളാരി ഉദ്ഘാടനം ചെയ്തു. സയിദ് ഹബീബ് അല്‍ബുഖാരി, മുജീബ് എആര്‍ നഗര്‍ ആശംസ നേര്‍ന്നു. സയിദ് സൈനുല്‍ ആബിദീന്‍ ബവാദി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഖാദിര്‍ സ്വാഗതവും സൈദ് കൂമണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍