ലീഡ്സ് എട്ടുനോമ്പ് തിരുനാളിനു പ്രൌഡോജ്വല കൊടിയേറ്റം
Monday, August 31, 2015 6:11 AM IST
ലണ്ടന്‍: ലീഡ്സില്‍ എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനു പ്രൌഡോജ്വലമായ കൊടിയേറ്റം.

ലീഡ്സ് രൂപത സീറോ മലബാറിന്റെ പ്രധാന തിരുനാളാഘോഷത്തിനാണു ഞായറാഴ്ച കൊടിയേറിയത്. ലീഡ്സ് രൂപത വികാരി ജനറല്‍ മൈക്കിള്‍ കൊടിയുയര്‍ത്തി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠക്കും നൊവേനയ്ക്കും ലീഡ്സ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസഫ് പൊന്നേത്ത് കാര്‍മികത്വം വഹിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനക്ക് സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികനായി. ദിവ്യകാരുണ്യ പ്രദക്ഷിണ വീഥികളില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ പുഷ്പവൃഷ്ടിയും ആരതിയും ധൂപാര്‍പ്പണവും അര്‍പ്പിച്ചു.

ഇന്ന് കീത്തലിലെ ഔര്‍ ലേഡി ഓഫ് വിക്ടോറിയാസ് ചര്‍ച്ചില്‍ വൈകുന്നേരം ആഘോഷമായ കുര്‍ബാനയും നൊവേനയും നടക്കും. നാളെ ഫാരോ ഗെയ്റ്റിലാണ് തിരുനാള്‍ കുര്‍ബാനയും നൊവേനയും. പ്രധാന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം