ജര്‍മന്‍ വിദ്യാഭ്യാസമന്ത്രി മുമ്പാകെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു
Saturday, August 29, 2015 9:05 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും കോണ്‍സുലേറ്റ് ജനറലിനും മുന്നില്‍ അവതരിപ്പിച്ചു. ജര്‍മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവരുമായുള്ള ആശയവിനിമയ അവസരങ്ങള്‍ എംബസിയും കോണ്‍സുലേറ്റ് ജനറലും വര്‍ധിപ്പിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായാണ് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ജര്‍മനിയെ തെരഞ്ഞെടുക്കുന്നത്. ജര്‍മന്‍ അക്കാഡമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ കണക്കുപ്രകാരം 2008-09ലേതിനെ അപേക്ഷിച്ച് 2013-14ല്‍ ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 273.6 ശതമാനം വര്‍ധനയാണ്. ഇപ്പോള്‍ ഏകദേശം പതിനായിരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജര്‍മനിയിലുണ്ട്.

സ്റുഡന്റ് വീസ കിട്ടാനുള്ള കാലതാമസം, വീസ എക്സ്റന്‍ഷന് അപ്പോയിന്റ്മെന്റ് എടുക്കാനുള്ള ബുദ്ധിമുട്ട്, ആവശ്യത്തിന് ഇന്റേണ്‍ഷിപ്പ് അവസരങ്ങളുടെ അഭാവം, താമസ സൌകര്യങ്ങളുടെ കുറവ്, അക്കൌണ്ടുകള്‍ ബ്ളോക്ക് ചെയ്യപ്പെടുന്ന പ്രശ്നം തുടങ്ങിയവയാണ് വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ അധികൃതര്‍ക്കു മുന്നില്‍ പ്രധാനമായും ഉന്നയിച്ചത്.

വിഷയങ്ങള്‍ അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജര്‍മന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. യൊഹാന വാങ്കയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന യോഗ്യതയുള്ളവരും കഠിനാധ്വാനികളും മറ്റു രാജ്യങ്ങളുമായി എളുപ്പത്തില്‍ ഇഴുകിച്ചേരാന്‍ കഴിയുന്നവരുമായതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം സഹായകമാകുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു.

ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലെ നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍