കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജര്‍മനിയില്‍ സന്ദര്‍നം നടത്തി
Saturday, August 29, 2015 9:05 AM IST
ബര്‍ലിന്‍: കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജര്‍മനി സന്ദര്‍ശിച്ചു. തലസ്ഥാന നഗരമായ ബര്‍ലിനിലെത്തിയ മന്ത്രി സ്വീകരണത്തിനു ശേഷം ജര്‍മന്‍ വിദേശകാര്യമന്ത്രി വാള്‍ട്ടര്‍ സ്റൈന്‍മയറുമായി കൂടിക്കാഴ്ച നടത്തി. ഗംഗാ നദി ശുദ്ധീകരിക്കുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ ജര്‍മനി സന്നധത പ്രകടിപ്പിച്ചതായി ജര്‍മനിയിലെ ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേ സുഷമ സ്വരാജ് വ്യക്തമാക്കി.

ഗംഗാനദിയുടെ ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഭാഗം ശുദ്ധീകരിക്കുന്നതിനാണു ജര്‍മന്‍ സഹായം ലഭിക്കുക. റൈന്‍ നദി ശുദ്ധീകരിക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നു ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെയിന്‍മയര്‍ അറിയിച്ചു.

ഗംഗാ ശുദ്ധീകരണ പദ്ധതി, എല്ലാ വിദ്യാലയങ്ങളിലും ടോയ്ലറ്റുകള്‍ ഉറപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതി എന്നിവയില്‍ ആത്മാര്‍ഥമായി സഹകരിക്കാന്‍ പ്രവാസി ഇന്ത്യക്കാരോട് സുഷമ ആവശ്യപ്പെട്ടു.

മെയ്ക്ക് ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവ ഉള്‍പ്പെടെ 21 പദ്ധതികള്‍ക്ക് തുടക്കം കുറിച്ച മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് സുഷമ കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലാംമെര്‍ട്ട്, ജര്‍മന്‍ വിദ്യാഭ്യാസമന്ത്രി ജൊഹാന വാങ്കാ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ജര്‍മനിയില്‍ നിന്നും മടങ്ങിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍