കെഎച്ച്എന്‍എയുടേത് വേറിട്ട സ്കോര്‍ഷിപ്പ് പദ്ധതി
Saturday, August 29, 2015 8:58 AM IST
ന്യൂയോര്‍ക്ക്: മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഇന്ന് കേരളത്തിലും അമേരിക്കയിലും മുഖവരയില്ലാത്ത സംഘടനയാണ്. അമേരിക്കയിലെ ഹിന്ദുക്കളുടെ സാംസ്കാരികവും മതപരവുമായ ഉന്നമനം, കേരള പാരമ്പര്യവും സംസ്കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പെടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കുന്ന കെഎച്ച്എന്‍എയുടെ ഏറ്റവും വലിയ പരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നത് ദേശീയ കണ്‍വന്‍ഷനാണ്

രണ്ടുവര്‍ഷത്തില്‍ ഒരിക്കലുള്ള ഒത്തുചേരലിനുപരി ക്രിയാത്മകമായ മറ്റെന്തെങ്കിലും കൂടി ചെയ്യണം എന്ന തോന്നലില്‍ നിന്നുണ്ടായതാണ് കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് പദ്ധതി. കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രഫഷണല്‍ കോഴ്സ് പഠനത്തിനായി ഏര്‍പ്പെടുത്തുന്ന സ്കോളര്‍ഷിപ്പ് ഇന്ന് കേരളത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഒരു വിദ്യാര്‍ഥിക്ക് അരലക്ഷം രൂപ കിട്ടുന്ന സ്കോളര്‍ഷിപ്പ് തുകയുടെ കാര്യത്തില്‍ ഏറ്റവും വലുതാണ്.

പിരിവെടുത്ത് നാട്ടിലെ കുട്ടികള്‍ക്ക് കുറച്ചു പണം നല്‍കുക എന്നതല്ല സ്കോളര്‍ഷിപ്പു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്, ഓരോരുത്തരിലുമുള്ള സേവനഭാവവും തൃജിക്കാനുള്ള മനസും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഒരു വര്‍ഷം ഒരുകുട്ടിക്ക് കൊടുക്കേണ്ടത് 250 ഡോളറാണ്. ഒരു ദിവസം ഒരു ഡോളര്‍ വീതം നീക്കി വച്ചാല്‍ തന്നെ ആവശ്യത്തിലധികം പണം കണ്െടത്താനാകും. അത്തരമൊരു സംവിധാനമാണ് ഉണ്ടാകേണ്ടത്.

ഉദ്ദേശ്യ ശുദ്ധിക്ക് അടിവരയിടുന്നതാണ് സ്കോളര്‍ഷിപ്പ് വിതരണ ചടങ്ങും കേരളത്തില്‍ നടത്താറ്. ധൂര്‍ത്തില്ലാതെ നേതാക്കന്മാര്‍ക്കായി കാത്തിരിക്കാതെ ലളിതമായ ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ തലയെടുപ്പുള്ളവരാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുക.

2005ലെ ഷിക്കാഗോ കണ്‍വന്‍ഷനിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവന്നത്. ട്രസ്റീബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കരുടെയും സെക്രട്ടറി പ്രസന്നന്‍ പിള്ളയുടെയും നേതൃത്വത്തില്‍ അത് യാഥാര്‍ഥ്യമാക്കി. മന്മഥന്‍നായര്‍, ശശിധരന്‍നായര്‍, അനില്‍കുമാര്‍പിള്ള, വെങ്കിട് ശര്‍മ്മ, ഡോ. രാമദാസ് പിള്ള, എം.ജി. മേനോന്‍, ആനന്ദന്‍ നിരവേല്‍, ടി.എന്‍. നായര്‍, രാജുനാണു, ഹരിദാസന്‍പിള്ള, അനില്‍കുമാര്‍ പിള്ള, ഹരിനാരായണന്‍ നമ്പൂതിരി, ഗണേഷ് നായര്‍, ഷിബു ദിവാകരന്‍ എന്നിവര്‍ സ്കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

തുടക്കം മുതല്‍ സ്കോളര്‍ഷിപ്പിന്റെ കേരളത്തിലെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പദ്ധതിയെ എത്ര പ്രതീക്ഷയോടെയാണ് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുന്നതെന്നു പറയാന്‍ എനിക്കു കഴിയും. കേരളത്തില്‍ നടക്കുന്ന സ്കോളര്‍ഷിപ്പ് വിതരണ ചടങ്ങുതന്നെ വലിയൊരു സാംസ്കാരിക ചടങ്ങായി മാറിയിട്ടുണ്ട്.

പി. പരമേശ്വരന്‍, അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിഭായി, സ്വാമി പൂര്‍ണാനന്ദപുരി, ബ്രഹ്മചാരി ഭാര്‍ഗവ റാം, മന്ത്രി കെ. ബാബു, ഡോ. എന്‍. രാജശേഖരന്‍പിള്ള, ഐഎഎസുകാരായ കെ. ജയകുമാര്‍, ജെ. ലളിതാംബിക, രാജുനാരായണ സ്വാമി, ആര്‍. രാമചന്ദ്രന്‍നായര്‍, കവികളായ എസ്. രമേശന്‍ നായര്‍, വി. മധുസൂദനന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സ്കോളര്‍ഷിപ്പ് ചടങ്ങിനു സാക്ഷ്യംവഹിച്ചവരാണ്.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍