മാര്‍ ഗ്രിഗോറിയോസ് ക്വിസ് മത്സരം സംഘടിപ്പിച്ചു
Saturday, August 29, 2015 8:57 AM IST
കുവൈത്ത്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്ത ആയിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മദശാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും വീക്ഷണങ്ങളും പ്രതിഫലിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സഭ ലോകമെമ്പാടും നടത്തുന്നതിനും തീരുമാനിച്ചു.

കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭ കൂട്ടായ്മയായ കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ 'പ്രണാമം 2015' എന്ന പേരില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുവൈത്തിലെ മലയാളി കത്തോലിക്കാ സംഘടനകളായ എസ്എംസിഎ, കെഎംസിഎ, കെഎല്‍സികെ, കെഎംആര്‍എം, കെകെസിഎല്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് മത്സരം നടന്നു. കെഎംആര്‍എം ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു. കെഎംആര്‍എം പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി സജിത സ്കറിയ പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ്, സെക്രട്ടറി ജോമോന്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബുജി ബത്തേരി, ലിന്‍സ് ജോണ്‍ എന്നിവര്‍ ക്വിസ് മാസ്റര്‍മാരായിരുന്നു. ഇതില്‍ എസ്എംസിഎ, കെഎംആര്‍എം, കെകെസിഎല്‍ എന്നീ സംഘടനകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍